വയലാർ രവിക്ക് ഇന്ന് എൺപത്തിനാലാം പിറന്നാൾ

Jaihind Webdesk
Friday, June 4, 2021

 

മുൻ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വയലാർ രവിക്ക് ഇന്ന് എൺപത്തിനാലാം പിറന്നാൾ. കേരള വിദ്യാർത്ഥി യൂണിയനിലൂടെ കടന്നുവന്ന് കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകിയ വയലാര്‍ രവി എറണാകുളത്ത് വിശ്രമജീവിതം നയിക്കുകയാണ് ഇപ്പോള്‍.

ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലെ വയലാർ എന്ന ഗ്രാമത്തിൽ എം.കെ കൃഷ്ണന്‍റെയും ദേവകിയമ്മയുടേയും മകനായി 1937 ജൂൺ 4 നാണ് വയലാര്‍ രവിയുടെ ജനനം. വയലാർ സ്കൂളിൽ ചേർന്നപ്പോൾ അധ്യാപകൻ ദാമോദരൻ പിള്ളയാണ് അന്ന് സിംപ്സണ്‍ എന്ന വിളിപ്പേരില്‍ അറിയപ്പെട്ടിരുന്ന വയലാര്‍ രവിക്ക് എം.കെ രവീന്ദ്രൻ എന്ന പേര് നിർദ്ദേശിച്ചത്. വയലാർ രവി എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങിയത് ആലപ്പുഴ എസ്.ഡി കോളേജിൽ വിദ്യാർത്ഥി യൂണിയന്‍ നേതാവായിരുന്ന കാലഘട്ടത്തിലാണ്.

കോൺഗ്രസിന്‍റെ ‍വിദ്യാർത്ഥി പ്രസ്ഥാനമായ കെ.എസ്.യുവിലൂടെയാണ് വയലാർ ‍രവിയുടെ രാഷ്ട്രീയപ്രവേശം. ആലപ്പുഴ എസ്.ഡി കോളേജിൽ പഠിക്കുമ്പോൾ 1957 മേയ് 30ന് ആലപ്പുഴയിലെ താണു അയ്യർ ബിൽഡിംഗിൽ വെച്ചാണ് കെ.എസ്.യു രൂപം കൊള്ളുന്നത്. ജോർജ് തരകൻ, വയലാർ രവി, എ.ഡി.രാജൻ, എ.എ.സമദ്, പി.എ ആന്‍റണി, പി.കെ കുര്യാക്കോസ് തുടങ്ങിയവർ ചേർന്ന ആ യോഗമാണ് കെ.എസ്‌.യുവിന് രൂപം നൽകിയത്. ജോർജ് തരകനായിരുന്നു ആദ്യ പ്രസിഡന്‍റ്, വയലാർ രവി ജനറൽ സെക്രട്ടറിയും. ഇതോടൊപ്പം തന്നെ യൂത്ത് കോൺഗ്രസ് ആലപ്പുഴ ജില്ലാ സെക്രട്ടറി എന്ന പദവിയും വഹിച്ചു. വിദ്യാർത്ഥികളുടെ യാത്രാ സൗജന്യം യാഥാർത്ഥ്യമായത് കെ.എസ്.യു കൊളുത്തിയ ഒരണ സമരത്തിലൂടെയാണ്.

കെ.എസ്.യുവിന്‍റെ നാലാം സമ്മേളനത്തിൽ വെച്ച് വയലാര്‍ രവി സംസ്ഥാന പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. വയലാർ രവി ആദ്യമായി മത്സരിച്ചത് 1971 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ചിറയിൻ‌കീഴ് പാർലമെന്‍റ് മണ്ഡലത്തിൽ നിന്ന് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. 1972 ൽ എ.ഐ.സി.സി പ്രവർത്തകസമിതി അംഗമായി. അടിയന്തരാവസ്ഥയ്ക്ക് ശേഷം 1977 ൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ വയലാര്‍ രവി ചിറയിൻകീഴ് മണ്ഡലത്തിൽ നിന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ട് ലോക്സഭാംഗമായി. 1982 ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ചേർത്തലയിൽ നിന്ന് മത്സരിച്ച് ജയിച്ച് കേരള നിയമസഭയിലേക്കെത്തി. 1982-1987ലെ കെ കരുണാകരൻ മന്ത്രിസഭയിൽ ആഭ്യന്തര വകുപ്പ് മന്ത്രിയായി. 1987 ൽ വീണ്ടും ചേർത്തലയിൽ നിന്നു വിജയിച്ചുകയറി.

1991 മുതൽ 1998 വരെ കെ.പി.സി.സി. പ്രസിഡന്‍റായും 1994 മുതൽ 2000 വരെ രാജ്യസഭാംഗമായും എ.ഐ.സി.സി ജനറൽ സെക്രട്ടറിയായും വയലാർ രവി പ്രവർത്തിച്ചു. 2006 മുതൽ 2014 വരെ കേന്ദ്ര പ്രവാസികാര്യ വകുപ്പ് മന്ത്രിയായിരുന്നു വയലാർ രവി. പ്രവാസികൾക്ക് ഇൻഷുറൻസും കോണ്ട്രിബ്യൂട്ടറി പെൻഷനും തുടങ്ങിവെച്ചത് വയലാര്‍ രവിയുടെ കാലത്താണ്. വിവിധരാജ്യങ്ങളുമായി തൊഴിൽ കരാറുകൾ ഒപ്പുവെച്ചതും ലിബിയൻ കലാപസമയത്ത് അടിയന്തരമായി അവിടത്തെ പ്രവാസി ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ കഴിഞ്ഞതും വലാര്‍ രവിയുടെ പ്രശംസനീയമായ ഇടപെടലുകളായിരുന്നു. 1964 ജൂൺ 9 ന് മേഴ്സി രവിയെ വിവാഹം കഴിച്ചു. അസുഖത്തെ തുടര്‍ന്ന് മേഴ്സി രവി 2009 സെപ്തംബർ 5 ന് അന്തരിച്ചു. മൂന്ന് മക്കള്‍. രവി കൃഷ്ണ, ലിസ റോഹൻ, ഡോ. ലക്ഷ്മി രവി.

വിശ്രമജീവത്തിലായിരിക്കുമ്പോഴും രാഷ്ട്രീയഗതിവിഗതികള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയും കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനാവശ്യമായ വിലപ്പെട്ട നിര്‍ദേശങ്ങള്‍ നല്‍കിയും സജീവമായി ഒപ്പമുണ്ട് വയലാര്‍ രവി. കേരള രാഷ്ട്രീയത്തിൽ വിദ്യാർത്ഥികളുടെയും ചെറുപ്പക്കാരുടെയും ഒരു നവശക്തിയെ വളർത്തിയെടുത്ത നേതാവിന് ജന്മദിനാശംസകള്‍…