
ഇന്ത്യയുടെ ഏക വനിതാ പ്രധാനമന്ത്രിയായ ഇന്ദിരാ ഗാന്ധിയുടെ 108-ാം ജന്മവാര്‍ഷികമാണിന്ന്. രാജ്യത്തിന്റെ ഗതി മാറ്റിയെഴുതിയ ശക്തമായ തീരുമാനങ്ങളിലൂടെ ഇന്ദിര എന്നും കരുത്തിന്റെയും ഇച്ഛാശക്തിയുടെയും പ്രതീകമായി നിലകൊള്ളുന്നു. ‘ഇന്ത്യ എന്നാല്‍ ഇന്ദിര’ എന്ന വിശേഷണം, ചരിത്രം തിരുത്തിക്കൊണ്ട് ഒരു വനിത പ്രധാനമന്ത്രിയായപ്പോള്‍ നെറ്റി ചുളിച്ചവര്‍ക്കുള്ള മറുപടിയായിരുന്നു. സമാനതകളില്ലാത്ത വ്യക്തിപ്രഭാവം, ധീരമായ തീരുമാനങ്ങളെടുക്കാനും അത് വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കാനുമുള്ള കരുത്ത്, ഏത് വീഴ്ചയിലും തിരിച്ചെത്താനുള്ള അടങ്ങാത്ത പോരാട്ടവീര്യം എന്നിവ ഇന്ദിരയെ ലോകത്തിന് മുന്നില്‍ ‘ഉരുക്കുവനിത’യായി അടയാളപ്പെടുത്തി.
ഇന്ദിരയുടെ ഭരണകാലത്താണ് ഹരിത വിപ്ലവം, ബാങ്ക് ദേശസാത്കരണം, ധവള വിപ്ലവം, ആണവ പരീക്ഷണം തുടങ്ങിയ സുപ്രധാന സംഭവങ്ങളിലൂടെ ഇന്ത്യ ദക്ഷിണേഷ്യയിലെ ഒരു പ്രധാന ശക്തിയായി വളര്‍ന്നത്. എന്നാല്‍, അടിയന്തരാവസ്ഥ രാജ്യത്തിന് ജനാധിപത്യ ധ്വംസനത്തിന്റെ കറുത്ത ദിനങ്ങളായപ്പോള്‍ അത് ഇന്ദിരയുടെ രാഷ്ട്രീയ ജീവിതത്തിലെ മായ്ക്കാനാകാത്ത കറുത്ത പാടായി മാറി. സ്വേച്ഛാധിപതിയെന്നും ദയയില്ലാത്തവളെന്നും അവര്‍ക്ക് പഴികേള്‍ക്കേണ്ടി വന്നു. 1977-ലെ പരാജയത്തോടെ വിമര്‍ശകര്‍ തിരിച്ചുവരവില്ലെന്ന് വിധിയെഴുതിയെങ്കിലും, പൂര്‍വ്വാധികം ശക്തിയോടെ മൂന്നുവര്‍ഷത്തിനകം അവര്‍ പ്രധാനമന്ത്രി പദത്തില്‍ തിരിച്ചെത്തി.
ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിന്റെ പ്രതികാരം അംഗരക്ഷകന്റെ രൂപത്തില്‍ മരണമായി എത്തുന്നത് വരെ ഇന്ദിര രാജ്യത്തെ നയിച്ചു. ഇന്നും അവര്‍ ഇച്ഛാശക്തിയുടെയും നിര്‍ഭയത്വത്തിന്റെയും പ്രതീകമായി ഓര്‍മ്മിക്കപ്പെടുന്നു.