ഇന്ന് ഫെബ്രുവരി 14, വാലന്‍റൈൻസ് ഡേ.

Jaihind News Bureau
Friday, February 14, 2025


പ്രണയിക്കുന്നവർക്കൊരു ദിനം. പ്രണയിക്കുന്ന ഹൃദയങ്ങൾക്ക് സ്‌നേഹം കൈമാറാനുള്ള ദിനം. സ്‌നേഹിക്കുന്നവരുമായി സമയം പങ്കിടാനും സ്‌നേഹസമ്മാനം നൽകാനും പ്രണയിതാക്കൾ ഈ ദിവസം മറക്കില്ല. പ്രണയം തുറന്നുപറയാൻ അങ്ങനെയൊരു പ്രത്യേക ദിനത്തിന്‍റെ ആവശ്യമില്ലെന്ന് വാദിക്കുന്നവരുണ്ടെങ്കിലും ഈ ദിനം കാത്തിരിക്കുന്നവർ ഏറെയാണ്.

ഫെബ്രുവരി 7 മുതൽ ഏഴ് ദിവസം നീണ്ടുനിൽക്കുന്ന വാലൻ്റൈൻസ് വീക്കിന് പര്യവസാനം.. റോസ് ഡേ, പ്രൊപ്പോസ് ഡേ, ചോക്ലേറ്റ് ഡേ, ടെഡി ഡേ, പ്രോമിസ് ഡേ, ഹഗ് ഡേ, കിസ് ഡേ അങ്ങനെ പ്രണയാതുരമായ ദിനങ്ങൾക്കൊടുവിൽ മറ്റൊരു പ്രണയദിനം കൂടി വന്നെത്തുകയാണ്.

സ്‌നേഹിക്കുന്നവരെ അകറ്റുന്നത് പാപമാണെന്ന് വിശ്വസിച്ചിരുന്ന, ഒരു കത്തോലിക്ക ബിഷപ്പായിരുന്നു സെന്റ് വാലന്റീൻ. അദ്ദേഹത്തിൽ നിന്നായിരുന്നു പ്രണയിക്കുന്നവർക്കായി ഒരു ദിനമുണ്ടായത്. സഹസ്രാബ്‌ദങ്ങൾ പഴക്കമുള്ള സെന്‍റ് വാലന്‍റൈൻ കഥയില്‍ നിന്ന് സാങ്കേതിക വിദ്യയുടെ വിപ്ലവകരമായ വളർച്ചയിലെത്തി നില്‍ക്കുമ്പോൾ പ്രണയ ചിന്തകൾക്കും മാറ്റമുണ്ട്.

പരസ്‌പര സ്‌നേഹത്തെ ഓർമപ്പെടുത്തുക എന്നതാണ് പ്രണയദിനത്തിന്‍റെ ആശയം. ടീനേജ് കാലം മുതലുള്ള മധുരിക്കുന്ന ഓർമകൾക്കൊപ്പം അൽപം നോവുള്ള ഓർമകളും ഈ പ്രണയ ദിനത്തില്‍ മനസിലെത്താത്തവരുണ്ടാകില്ല. ഇതൊന്നുമില്ലാതെ നടക്കുന്ന സിംഗിൾസിനും പ്രണയ ചിന്തകൾക്ക് വഴി മരുന്നിടാൻ ഈ പ്രണയദിനത്തിന് കഴിഞ്ഞേക്കും.

പ്രണയം പൈങ്കിളിയാണെന്ന് പറഞ്ഞ് പരിഹസിക്കുന്ന ഒരു കൂട്ടമുണ്ട്. തേപ്പ് കിട്ടിയവരും ഒട്ടും കുറവല്ല. പ്രണയത്തെ ടൈംപാസായി കാണുന്നവരുമുണ്ട്. പ്രണയത്തിന്‍റെ വകഭേദങ്ങൾക്ക് ക്ഷാമിമില്ല. ജയവും പരാജയവുമില്ലാതെ പ്രണയം ആഘോഷിക്കാൻ കഴിയുന്നതാണ് യഥാർഥ പ്രണയമെന്ന് പറയുന്നവരുമുണ്ട്. എന്തായാലും
പ്രണയിനികൾക്കും, പ്രണയം മനസിൽ സൂക്ഷിക്കുന്നവർക്കും ഈ പ്രണയദിനം അനുസ്മരണീയ ദിനമാവട്ടെ… ഏവർക്കും പ്രണയ ദിനാശംസകൾ.