‘കോടതി വിധി നിരാശാജനകം, രാജ്യത്തിന് സങ്കടകരമായ ദിനം’; പേരറിവാളന്‍റെ മോചനത്തില്‍ കോണ്‍ഗ്രസ്

Jaihind Webdesk
Wednesday, May 18, 2022

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളന്‍റെ മോചനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി നിരാശാജനകമെന്ന് കോൺഗ്രസ്. മോചിപ്പിച്ചത് ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഘാതകനെയാണ്. ഇങ്ങനെയാണോ നിയമവ്യവസ്ഥ നടപ്പിലാക്കേണ്ടതെന്നാണ് എഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിംഗ് സുർജേവാല ചോദിച്ചു.

ജയിലില്‍ നിന്ന് മോചിപ്പിച്ചത്‌ ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനില്‍ മാത്രമല്ല, ഒരോ ഭാരതീയനിലും ദുഃഖവും അമര്‍ഷവും ഉണ്ടാക്കുന്നതാണെന്ന് സുര്‍ജേവാല പറഞ്ഞു. തീവ്രവാദിയെ തീവ്രവാദിയെ പോലെ പരിഗണിക്കണം. രാജീവ് ഗാന്ധിയുടെ കൊലപാതകിയെ വിട്ടയക്കാനുള്ള സുപ്രീം കോടതി വിധി വേദനയും നിരാശാജനകവുമാണെന്ന് അദ്ദേഹം പറഞ്ഞു.

മുന്‍ പ്രധാനമന്ത്രിയുടെ കൊലപാതകിയെ വിട്ടയച്ചത് അപലപനീയവും നിര്‍ഭാഗ്യകരവുമാണ്. ഇന്ന് രാജ്യത്തിന് സങ്കടകരമായ ദിവസമാണ്. തീവ്രവാദികള്‍ക്കെതിരെ പോരാടുന്ന ഒരോരാജ്യസ്‌നേഹിയ്ക്കും അംഗീകരിക്കാനാകാത്ത നടപടിയാണ് വിധിയില്‍ ഉണ്ടായിരിക്കുന്നത്. പേരറിവാളന്‍റെ മോചനം ചൂണ്ടിക്കാട്ടി ജയിലില്‍ കഴിയുന്ന മറ്റ് കൊലയാളികളുടെ മോചനത്തിന് സഹായകമാകുന്നതാണ് വിധിയെന്നും രണ്‍ദീപ് സിംഗ് സുർജെവാല പറഞ്ഞു.