ബിജെപിയ്‌ക്കെതിരെയുള്ള വോട്ട് കൊള്ളയില്‍ പ്രതിഷേധിച്ച് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ‘വോട്ടര്‍ അധികാര്‍ യാത്ര’യില്‍ ഇന്ന് വിശ്രമ ദിനം. പൂര്‍ണിയയിലെ അരാരിയിലണ് ഇന്നലെ യാത്ര അവസാനിച്ചത്. മോദി സര്‍ക്കാരിന്റെ വോട്ട് മോഷണത്തിനെതിരെയുള്ള യാത്ര ഇന്നലെ എട്ടാം ദിനത്തില്‍ എത്തിയിരുന്നു. നാളെ സുപോലില്‍ നിന്ന് യാത്ര വീണ്ടും പുനരാരംഭിക്കും.
ഓഗസ്റ്റ് 17-ന് സസാറാമില്‍ നിന്ന് ആരംഭിച്ച 1300 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ യാത്ര 16 ദിവസം കൊണ്ട് 20-ല്‍ അധികം ജില്ലകളിലൂടെ കടന്നുപോകും. സെപ്റ്റംബര്‍ 1-ന് പട്നയിലെ റാലിയോടെ സമാപിക്കും. തേജസ്വി യാദവിനെ ബീഹാറിന്റെ അടുത്ത മുഖ്യമന്ത്രിയായും രാഹുല്‍ ഗാന്ധിയെ ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയായും ഉയര്‍ത്തിക്കാട്ടുന്ന തരത്തിലേക്ക് യാത്ര മാറിയിട്ടുണ്ട്. ഗ്രാമീണ മേഖലകളിലെ ജനങ്ങളുമായി നേരിട്ട് സംവദിക്കുന്നതിലൂടെ, ദേശീയ ചര്‍ച്ചകളില്‍ പലപ്പോഴും അവഗണിക്കപ്പെടുന്ന ഒരു വിഭാഗത്തിന്റെ ശബ്ദമായി മാറാന്‍ ‘ഇന്ത്യ’ മുന്നണിക്ക് സാധിക്കുന്നു. കഴിഞ്ഞ 8 ദിനങ്ങള്‍ കൊണ്ട് തന്നെ യാത്ര ജനപിന്തുണയോടെ വലിയ വിജയമായി കഴിഞ്ഞുവെന്നാണ് എഐസിസി വിലയിരുത്തല്‍.
ഈ യാത്ര ബീഹാറിലെ തിരഞ്ഞെടുപ്പ് അവകാശങ്ങള്‍, സാമൂഹിക നീതി, സാമ്പത്തിക അവസരങ്ങള്‍ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് മൂര്‍ച്ച കൂട്ടിയിട്ടുണ്ട്. ഇത് യുവ വോട്ടര്‍മാരിലും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളിലും ശക്തമായ സ്വാധീനം ചെലുത്തുമെന്നും പ്രതിപക്ഷത്തിന്റെ അടിത്തറ ശക്തിപ്പെടുത്തുമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.