“ഇന്നും നാളെയും അരിക്കൊമ്പന്‍ മറ്റന്നാള്‍ തൃശ്ശൂര്‍പൂരം”; എഐ ക്യാമറ അഴിമതി പൂഴ്ത്താനുള്ള തത്രപ്പാടോ..?

Jaihind Webdesk
Friday, April 28, 2023

തിരുവനന്തപുരം: “ഇന്നും നാളെയും അരിക്കൊമ്പന്‍ മറ്റന്നാള്‍ തൃശ്ശൂര്‍പൂരം. എഐ ക്യാമറ അഴിമതി  വിവാദം മറക്കാന്‍ ഇതില്‍പരം വേറെ എന്തു വേണ”മെന്ന് സോഷ്യല്‍ മീഡിയ. എഐ ക്യാമറ അഴിമതി ഓരോന്നായി പുറത്തു വരുന്ന സാഹചര്യത്തില്‍ പല വിധത്തില്‍ പുകമറ സൃഷ്ടിച്ച് വിഷയത്തില്‍ നിന്നും ഒഴിഞ്ഞു മാറുനകയാണെന്നാണ് ഉയരുന്ന ആക്ഷേപം.

എഐ ക്യാമറ അഴിമതിയില്‍ സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുകയും പുതിയ തെളിവുകള്‍ ദിനംതോറും പുറത്തുവരികയും സര്‍ക്കാരിന്‍റെ പ്രതിരോധം ദുര്‍ബലമാവുകയും ചെയ്തതോടെ ഇടപാടില്‍ ദുരൂഹതയേറുകയാണ്. എന്നാല്‍ ഇതിനെതിരെ പ്രതിരോധം തീര്‍ക്കാന്‍ സര്‍ക്കാരിനും ഇടതു മുന്നണിക്കും ഒന്നും ചെയ്യാനാവാത്ത സാഹചര്യത്തില്‍,  ശ്രദ്ധമുഴുവന്‍ ചെയ്യാന്‍ ബുദ്ധിമുട്ടുള്ള അരിക്കൊമ്പന്‍ മിഷന്‍ തട്ടിക്കൂട്ടി ചെയ്തു എന്നാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്.

4 മാസമായി ഇഴഞ്ഞു നീങ്ങിയ അരിക്കൊമ്പന്‍ മിഷന്‍ ഒരു സുപ്രഭാതത്തില്‍ പെട്ടെന്ന് എടുത്തു ചാടി ചെയ്യാന്‍ തീരുമാനിച്ചതും സംശയത്തിന് ആക്കം കൂട്ടുന്നു.  ഇത്രയുംനാള്‍ ഭീതിയോടെ കഴിഞ്ഞ പ്രദേശവാസികളുടെ ബുദ്ധിമുട്ട് മനസിലാക്കാന്‍ എഐ ക്യാമറ വിവാദം വേണ്ടി വന്നുവെന്നും ആക്ഷേപം ഉയരുന്നുണ്ട്.  എങ്ങുമെത്താതെ അവസാനിപ്പിച്ച അരിക്കൊമ്പന്‍ ദൌത്യത്തില്‍ പ്രദേശവാസികളായ വാച്ചര്‍മാരെ ഉപയോഗിക്കാതെ എറണാകുളത്തു നിന്നെത്തിയ വാച്ചര്‍മാരെ ഉപയോഗിച്ചാണ് കാട്ടുകൊമ്പനെ അന്വേഷിക്കാന്‍ ഉപയോഗിച്ചതെന്നും വിമര്‍ശനമുയരുന്നുണ്ട്. ഇവര്‍ കണ്ടെത്തിയത് മറ്റ് ആനകളെയായിരുന്നു അതിലൂടെ 12 മണിക്കൂറോളം സമയമാണ് നഷ്ടപ്പെടുത്തിയത്. ഇതിലൂടെ വനംവകുപ്പും സര്‍ക്കാരും നടത്തിയ ശ്രദ്ധമാറ്റിക്കല്‍ പൊറാട്ടു നാടകമാണിതെന്ന സംശയം ഉയര്‍ത്തുകയാണ്.

എഐ ക്യാമറ അഴിമതി  രണ്ടാം ലാവ്ലിനാണെന്നാണ് കഴിഞ്ഞ ദിവസം  പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞത്. എല്ലാ അഴിമതിയുടെയും കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണ്. യോഗ്യതയില്ലാത്ത കമ്പനിക്കാണ് കരാറും ഉപകരാറും നല്‍കിയത്. ഇടപാട് സംബന്ധിച്ച് ജ്യുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും യുഡിഎഫിന്‍റെ ഉന്നതാധികാര സമിതി യോഗത്തനു ശേഷം നേതാക്കള്‍ പറഞ്ഞിരുന്നു.

ചട്ടങ്ങൾ മറികടന്ന് നടത്തിയ പകൽ കൊള്ളയാണ് ക്യാമറ ഇടപാടിൽ നടന്നതെന്നും കേരളം കണ്ട ഏറ്റവും വലിയ അഴിമതി യാണ് ഇതെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കരാറുമായി ബന്ധപ്പെട്ടു നടന്ന കൊടിയ അഴിമതിയിലേക്ക് വിരൽ ചൂണ്ടുന്ന നാല് രേഖകൾ കൂടി രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പുറത്തുവിട്ടിരുന്നു.

ഗതാഗത നിയമലംഘനങ്ങൾ തടയുക വഴി സുരക്ഷിതയാത്ര വാഗ്ദാനം ചെയ്ത് സർക്കാർ അവതരിപ്പിച്ച പദ്ധതിക്കു പിന്നിലെ അഴിമതിയാണ് പുറത്തുവരുന്നത്. ഇതിനായി 675 എഐ ക്യാമറകൾ, 25 പാർക്കിങ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ, 18 റെഡ് ലൈറ്റ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ, 4 സ്പീഡ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ, 4 മൊബൈൽ സ്പീഡ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ എന്നിവയാണ് ആദ്യഘട്ടത്തിൽ സ്ഥാപിച്ചിട്ടുള്ളത്. എന്നാല്‍ 232 കോടിയുടെ ഇടപാടിൽ കെൽട്രോൺ ഉപകരാർ നൽകിയതിലെ ക്രമക്കേടുകൾ പുറത്തുവന്നതോടെയാണ് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്. ഇതോടെ കോടതിയിൽ പരാതി വന്നാലും മറ്റൊരു അന്വേഷണം ഒഴിവാക്കാം.  കഴിഞ്ഞ വർഷം ലഭിച്ച പരാതിയിൽ റോഡ് ക്യാമറ ഇടപാട് അടക്കമുള്ള മോട്ടർ വാഹന വകുപ്പിന്‍റെ വിവിധ കരാറുകളിൽ വിജിലൻസ് അന്വേഷണം തുടരുകയാണ്. ലൈഫ് മിഷൻ അഴിമതിക്കേസിൽ ഇത്തരത്തിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു.