പൊതു വിദ്യാഭ്യാസ മേഖലയെ തകർക്കാൻ, ഇടതു സർക്കാർ ഹയർ സെക്കണ്ടറിയെ പരീക്ഷണശാലയാക്കുന്നു; അഡ്വ. ബിന്ദുകൃഷ്ണ

Jaihind Webdesk
Sunday, January 15, 2023

കൊല്ലം: പൊതു വിദ്യാഭ്യാസ മേഖലയുടെ തിലകക്കുറിയായ ഹയർ സെക്കണ്ടറിയെ തകർക്കാൻ പോന്ന, ഇടതുപക്ഷ പിന്തിരിപ്പൻ പരീക്ഷണങ്ങളുമായി മുന്നോട്ടു പോകുന്ന സർക്കാർ നടപടി, വരും തലമുറകളോടുള്ള വെല്ലുവിളിയാണെന്ന് മുന്‍ കൊല്ലം ഡിസിസി അധ്യക്ഷ അഡ്വക്കേറ്റ് ബിന്ദു കൃഷ്ണ.  എയ്ഡഡ് ഹയർസെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷന്‍റെ 32-മത് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിന്ദു കൃഷ്ണ. .അപൂർണ്ണമായ ഖാദർ കമ്മിറ്റി റിപ്പോർട്ടുവച്ചുള്ള, സെക്കണ്ടറി -ഹയർ സെക്കണ്ടറി ലയനനീക്കവും, ഏകപക്ഷീയമായ പാഠ്യപദ്ധതി പരിഷ്ക്കരണ നീക്കവുമെല്ലാം അതിന് തെളിവാണെന്ന് അവർ പറഞ്ഞു.

ജില്ലാ പ്രസിഡൻറ് മാത്യൂപ്രകാശിന്‍റെ അധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനത്തിൽ ജനറൽ സെക്രട്ടറി ജോസഫ് കുട്ടി സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി കസ്മീർ തോമസ് മുഖ്യപ്രഭാഷണം നടത്തി. ദീപാ സോമൻ, ജ്യോതി രഞ്ജിത്ത്, ഫിലിപ്പ് ജോർജ്, ബിന്ദു വി എന്നിവർ പ്രസംഗിച്ചു.

സംസ്ഥാന കൗൺസിൽ അംഗം സതീഷ് എസ്സിന്റെ അധ്യക്ഷതയിൽ, വിദ്യാഭ്യാസ സമ്മേളനം ശ്രീരംഗം ജയകുമാർ ഉദ്ഘാടനം ചെയ്തു. കോവിഡിൻ്റെയും, ഭിന്നശേഷി സംവരണത്തിന്‍റെയും മറവിൽ, നിയമന നിരോധനം നടപ്പാക്കുന്ന സർക്കാർ നടപടി, ഹയർ സെക്കൻഡറി സ്കൂളുകളിൽ പല വിഷയങ്ങളും പഠിപ്പിക്കാൻ അധ്യാപകർ ഇല്ലാത്ത സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ചരിത്രത്തിലില്ലാത്ത വിധം പരിമിത അധ്യയന ദിനങ്ങൾ മാത്രം ലഭിച്ച പ്ലസ് വൺ കുട്ടികൾക്ക് അധ്യാപക ക്ഷാമം കൂടിയായപ്പോൾ കടുത്ത മാനസികസമ്മർദ്ദം ഉണ്ടായിരിക്കുകയാണ്.സംസ്ഥാന സെക്രട്ടറി ഉണ്ണികൃഷ്ണൻ, സാംജോൺ , പാർവതി എം എസ്, സാം ഡാനിയൽ, ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ എന്നിവർ പ്രസംഗിച്ചു.

പ്രതിനിധി സമ്മേളനം ശ്രീകുമാർ കടയാറ്റിന്‍റെ അധ്യക്ഷതയിൽ, സംസ്ഥാന ജനറൽ സെക്രട്ടറി മനോജ് എസ് ഉദ്ഘാടനം ചെയ്തു. വിവിധ കമ്മീഷനുകളും, വളച്ചൊടിക്കപ്പെടുന്ന നിയമങ്ങളും, അധ്യാപകർക്ക് ഉത്തരവാദിത്വങ്ങളിൽ നിന്നും പിന്നാക്കം പോകേണ്ട സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണെന്നും, ഈ വെല്ലുവിളി പൊതുസമൂഹം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. ഷിജു ജോൺ സാമുവൽ, ബി അനിൽകുമാർ, അബ്ദുൽ നിസ്സാം സലാഹുദ്ദീൻ, ആദർശ് വാസുദേവ്, റജി.ജി. എന്നിവർ പ്രസംഗിച്ചു. ജില്ലയിലെ മികച്ച ഹയർ സെക്കൻഡറി അധ്യാപകന് ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ ഗുരു ശ്രേഷ്ഠ പുരസ്കാരം പൂതക്കുളം, ചെമ്പകശ്ശേരി, ഹയർ സെക്കൻഡറി സ്കൂളിലെ കൊമേഴ്സ് അധ്യാപകൻ സതീഷ് എസ്സിന് സമ്മാനിച്ചു. വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും സമ്മേളനത്തിൽ നടന്നു.