ന്യൂഡല്‍ഹി: കര്‍ഷക സംഘടനകളുടെ പ്രതിനിധികള്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. തങ്ങള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ രാഹുല്‍ ഗാന്ധിയുമായി കർഷകർ പങ്കുവെച്ചു. കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ പറഞ്ഞിരുന്ന മിനിമം താങ്ങുവില നടപ്പിലാക്കാന്‍ കഴിയുന്നതാണ്. എംഎസ്പിയുടെ നിയമപരമായ ഉറപ്പിനായി കേന്ദ്ര സർക്കാരില്‍ സമ്മർദ്ദം ചെലുത്തുമെന്ന് രാഹുല്‍ ഗാന്ധി കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു.
“എംഎസ്പിക്ക് നിയമപരമായ ഉറപ്പ് നൽകുന്നതിനെക്കുറിച്ച് കോൺഗ്രസ് പ്രകടനപത്രികയിൽ പറഞ്ഞിരുന്നു. ഞങ്ങൾ വിലയിരുത്തി, ഇത് തികച്ചും ചെയ്യാൻ കഴിയും. ഇത് സംബന്ധിച്ച് കർഷക നേതാക്കളുമായി ചർച്ച നടത്തി.
ഇന്ത്യൻ സഖ്യത്തിന്‍റെ നേതാക്കളുമായി ചർച്ച ചെയ്ത് എംഎസ്പിയുടെ നിയമപരമായ ഗ്യാരണ്ടിക്കായി സർക്കാരിൽ സമ്മർദ്ദം ചെലുത്താന്‍ ഞങ്ങൾ തീരുമാനിച്ചു” – കൂടിക്കാഴ്ചയ്ക്ക് ശേഷം രാഹുല്‍ ഗാന്ധി പറഞ്ഞു.
രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നും തങ്ങളുടെ പ്രശ്‌നങ്ങള്‍ ഇന്ത്യാ മുന്നണി പാര്‍ലമെന്‍റില്‍ ശക്തമായി ഉന്നയിക്കുമെന്ന ഉറച്ച വിശ്വാസമുണ്ടെന്നും കര്‍ഷകരുടെ പ്രതിനിധികള്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, തെലങ്കാന, തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷക സംഘടനകളുടെ പ്രതിനിധികളാണ് രാഹുല്‍ ഗാന്ധിയെ കണ്ടത്. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍,
എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, മുൻ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി, പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ അമരീന്ദർ സിംഗ് രാജ വാറിംഗ്, കോൺഗ്രസ് നേതാക്കളായ സുഖ്ജീന്ദർ സിംഗ് രൺധാവ, ഗുർജീത് സിംഗ് ഔജ്‌ല, ധരംവീർ ഗാന്ധി, അമർ സിംഗ്, ദീപേന്ദർ സിംഗ് ഹൂഡ, ജയ് പ്രകാശ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.