അബ്കാരി നിയമ ഭേദഗതിക്കെതിരെ ഹൈക്കോടതിയെ സമീപിക്കും : ടി എൻ പ്രതാപൻ എം പി

Jaihind News Bureau
Saturday, April 25, 2020

T.N Prathapan

അബ്കാരി നിയമ ഭേദഗതിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ടി എൻ പ്രതാപൻ എം പി. ലോക്ക് ഡൗൺ ചട്ടങ്ങൾക്കും ഹൈക്കോടതി നിർദേശങ്ങൾക്കും എതിരാണ് ഭേദഗതിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉത്തരവ് ഇറക്കിയിട്ടും മദ്യം നൽകില്ല എന്ന് പറയുന്നതിന് പിന്നിൽ ചതിയുണ്ടെന്നും ടി എൻ പ്രതാപൻ തൃശൂരിൽ പറഞ്ഞു.

നേരത്തെ, ഡോക്ടറുടെ കുറിപ്പടിയിൽ മദ്യം നൽകാനുള്ള സർക്കാർ ഉത്തരവിനെതിരെ ടിഎൻ പ്രതാപൻ എംപിയുടെ ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി നടപടി സ്‌റ്റേ ചെയ്തിരുന്നു. ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎയും കോടതിയെ സമീപിച്ചിരുന്നു.

ഇതിനെ മറികടക്കാന്‍ സർക്കാർ ഇപ്പോള്‍ അബ്കാരി ചട്ടം ഭേദഗതി ചെയ്യുകയായിരുന്നു. അമിത ആസക്തിയുള്ളവർക്ക് മദ്യം നൽകുന്നതിന്‍റെ പേരിൽ, ഇനി മുതൽ വെയർഹൗസിൽ എത്തുന്നവർക്ക് മദ്യം നൽകാമെന്നാണ് നിയമ ഭേദഗതിയിൽ പറയുന്നത്. എന്നാൽ വെയർഹൗസ് വഴി മദ്യം നൽകില്ലെന്ന നിലപാടിലാണ് എക്‌സൈസ് വകുപ്പ്. പുതിയ ഭേദഗതിയിലൂടെ ഇനിമുതൽ മദ്യം വിതരണം ചെയ്യാൻ സർക്കാരിനു കഴിയും. ഇതിനെതിരെയാണ് ടിഎന്‍ പ്രതാപന്‍ ഹൈക്കോടതിയെ സമീപിക്കുന്നത്.