ന്യൂഡൽഹി: കേന്ദ്ര നഗര വികസന വകുപ്പ് മന്ത്രാലയത്തിന് കീഴിലുള്ള അടൽ മിഷൻ ഫോർ റെജുവനേഷൻ ആൻഡ് അർബൻ ട്രാൻസ്ഫോർമേഷൻ (അമൃത്) പദ്ധതിയിൽ തൃശൂർ കോർപറേഷൻ വ്യാപകമായി അഴിമതി നടത്തുന്നു എന്ന പരാതിയുടെ മേൽ കേന്ദ്ര വിജിലൻസ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ടി എൻ പ്രതാപൻ എം പി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കും നഗര വികസന വകുപ്പ് മന്ത്രി ഹർദീപ് സിങ് പുരിക്കും കത്ത് നൽകി.
സംസ്ഥാനത്ത് നടക്കുന്ന ഏറ്റവും വലിയ അമൃത് പ്രോജക്ടുകളിൽ ഒന്നാണ് തൃശൂർ കോർപറേഷന് കീഴിലുള്ളത്. പ്രധാനമായും കുടിവെള്ള വിതരണം, അഴുക്കുചാൽ നിർമ്മാണം, മാലിന്യ സംസ്കരണം, പാർക്കുകളുടെ നിർമ്മാണം എന്നിങ്ങനെയാണ് പ്രധാനമായും ഈ പദ്ധതിക്ക് കീഴിലായി തൃശൂർ കോർപറേഷൻ ആവിഷ്കരിച്ചിരിക്കുന്നത്. എന്നാൽ പദ്ധതികളിലൊന്നിൽ പോലും സുതാര്യതയോ കൃത്യമായ ആസൂത്രണമോ ഇല്ലെന്ന് വ്യാപകമായ പരാതി ഉയർന്ന സാഹചര്യത്തിലാണ് ടി എൻ പ്രതാപൻ കേന്ദ്ര മന്ത്രാലയങ്ങൾ വിഷയത്തിൽ അടിയന്തിരമായി നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടത്.
കേന്ദ്രാവിഷ്കൃത പദ്ധതികളുടെ മേൽനോട്ടത്തിനും വിലയിരുത്തലിനും ജില്ലയിലെ മുതിർന്ന എം പി അധ്യക്ഷനായും ജില്ലാ കളക്ടർ മെമ്പർ സെക്രട്ടറിയായും കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം രൂപം കൊടുത്ത റിവ്യൂ കമ്മിറ്റിക്ക് മുൻപിൽ മോണിറ്ററിങ്ങിന് വിധേയമാക്കാനും കോർപറേഷൻ വിസമ്മതിച്ചതിനെ തുടർന്നാണ് ഈ നടപടിയെന്ന് ടി എൻ പ്രതാപൻ പറയുന്നു.
ആകെ 260 കോടിയോളം വരുന്ന പദ്ധതിയിൽ 190 കോടി രൂപയും വകയിരുത്തിയിരിക്കുന്നത് കുടിവെള്ള വിതരണത്തിനാണ്. എന്നാൽ കുറെയധികം പൈപ് വാങ്ങി കുഴിച്ചിട്ടതല്ലാതെ ഒരുതുള്ളി വെള്ളം പോലും വിതരണം ചെയ്യാനുള്ള ഒരു നീക്കവും കോർപറേഷൻ നടത്തിയിട്ടില്ലെന്ന് പ്രതാപൻ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ നിലവിലുള്ള കുടിവെള്ള വിതരണത്തിന് പുറമെ സംസ്ഥാന സർക്കാർ മറ്റൊരു കുടിവെള്ള പദ്ധതിക്ക് കിഫ്ബിയില് നിന്ന് പണം കണ്ടെത്താനുള്ള നീക്കങ്ങൾ നടത്തികൊണ്ടിരിക്കെ അനാവശ്യമായ ഒരു പദ്ധതിക്കാണ് നിലവിൽ കോർപറേഷൻ ശ്രമിക്കുന്നതെന്നും പീച്ചിയിൽ നിന്നും വെള്ളം കോർപറേഷൻ പരിധിയിലേക്ക് എത്തിക്കാനുള്ള ആശ്യമല്ലാതെ ശാസ്ത്രീയമായ സംവിധാനങ്ങൾ ആവിഷ്കരിച്ചിട്ടില്ലെന്നും മൊത്തത്തിൽ കേന്ദ്ര സർക്കാർ പദ്ധതിയുടെ വലിയ തുക പാഴാക്കുകയാണെന്നും കത്തിൽ ഉണ്ട്.
സീവറേജ് നിർമ്മാണത്തിനായി പന്ത്രണ്ട് ഏക്കറോളം വരുന്ന തണ്ണീർത്തടങ്ങൾ കോർപറേഷൻ വാങ്ങിയിട്ടുണ്ട്. എന്നാൽ ഒന്നിലും സുതാര്യതയില്ല. ഏഴുകോടിയോളം വരുന്ന ഈ പദ്ധതികൾ കോഴിക്കോട് ആസ്ഥാനമായുള്ള റാം ബയോളജിക്കൽസിനെയാണ് ഏൽപ്പിച്ചിരിക്കുന്നത്. ഈ കമ്പനിക്കാണെങ്കിൽ ഈ മേഖലയിൽ യാതൊരു പരിചയവുമില്ല. കാനകളുടെ നിർമ്മാണം തീർത്തും അശാസ്ത്രീയമാണ്. റോഡിൽ നിന്ന് വെള്ളം കാനകളിലേക് ഒഴുകിപ്പോകുന്നതിനുള്ള ഒരു സാഹചര്യവുമില്ലെന്നും കത്തിൽ പറയുന്നു.
കോർപറേഷൻ കൗൺസിലിൽ ചർച്ച ചെയ്ത് തീരുമാനമെടുക്കാതെ ഭരണ പക്ഷം ഏകപക്ഷീയമായി കാര്യങ്ങൾ നടത്തുകയാണ്. പല നീക്കങ്ങളും സംശയാസ്പദമാണ്. കോർപറേഷൻ ഭരിക്കുന്ന സി പി എം നേതൃത്വം കേന്ദ്ര പദ്ധതികളിൽ പോലും രാഷ്ട്രീയ വത്കരണം നടത്തുകയാണ് എന്നും പ്രതാപൻ കൂട്ടപ്പെടുത്തുന്നു. കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനകൾക്കോ നിർമ്മാണ ഉദ്ഘാടനകൾക്കോ പോലും സ്ഥലം പാർലമെന്റ് മെമ്പറെ പങ്കെടുപ്പിക്കാതെ രാഷ്ട്രീയം കണ്ടെത്തുകയാണ് കോർപറേഷൻ അധികാരികൾ. കത്തിൽ പറയുന്നു.
കേന്ദ്ര വിജിലൻസിന് പുറമെ കേന്ദ്ര നഗര വികസന മന്ത്രാലയവും ഈ വിഷയത്തിൽ അന്വേഷണം നടത്തണമെന്ന് എം പി ആവശ്യപ്പെട്ടിട്ടുണ്ട്.