നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് നടത്തിയ പ്രസ്താവന പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ചേര്ത്തുവായിക്കപ്പെടണമെന്ന് ടി.എന്‍ പ്രതാപന് എം.പി. 35 സീറ്റ് നേടിയാല്‍ ബിജെപി ഭരണം പിടിക്കുമെന്ന് സുരേന്ദ്രന് പറഞ്ഞത് സംസ്ഥാനത്തേക്ക് എത്തുന്ന കോടിക്കണക്കിന് രൂപ മുന്നില്‍ കണ്ടാണെന്ന് വ്യക്തമായതായി ടി.എന്‍ പ്രതാപന് ചൂണ്ടിക്കാട്ടി. കൊടകരയില്‍ വെച്ച് പിടിക്കപ്പെട്ട കുഴല്‍പ്പണം കൂറ്റന്‍ മഞ്ഞുമലയുടെ അറ്റം മാത്രമാണ്. കാശ് പങ്കിട്ടെടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ കത്തിക്കുത്തില്‍ വരെ എത്തി. ബിജെപി നേതാക്കള്‍ക്കിടയിലുള്ള ഗ്രൂപ്പ് വഴക്കുകള്‍ കാരണം ഇനിയും വലിയ സത്യങ്ങള്‍ പുറത്തുവരും. കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം പിടിക്കപ്പെട്ടിട്ടും കേന്ദ്ര ഏജന്‍സികളെ ഈ വഴിക്ക് കണ്ടില്ലെന്നും അദ്ദേഹം പരിഹസിച്ചു.
ടി.എന്‍ പ്രതാപന് എം.പിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :
കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് നടത്തിയ ഒരു പ്രസ്താവന മുപ്പത്തിയഞ്ച് സീറ്റുണ്ടെങ്കില്‍ ബി ജെ പി കേരളം ഭരിക്കുമെന്നതായിരുന്നു. അതെങ്ങനെ കണക്കുകൂട്ടിയാലും ശരിയാകുന്നില്ലല്ലോ എന്ന് പരിഭവിച്ചവരുണ്ടാകും. അവര്‍ മേല്പറഞ്ഞ സംസ്ഥാനങ്ങളുടെ നിയമസഭാ തിരഞ്ഞെടുപ്പുകളും ശേഷം അരങ്ങേറിയ സംഭവങ്ങളും ഓര്‍ത്തുകാണില്ല.
അമിത് ഷായെ അണികള്‍ ‘ചാണക്യന്’ എന്നൊക്കെ വിളിക്കുന്നത് തന്നെ ഇത്തരം നെറികേടുകള്‍ക്ക് വിരുതനായതിനാലാണല്ലോ. ബി ജെ പി മുപ്പത്തിയഞ്ച് സീറ്റിലെങ്കിലും ജയിക്കുമെന്ന് കേരളത്തിലെ ബി ജെ പി നേതാക്കള്‍ ദേശീയ നേതൃത്വത്തെ പറഞ്ഞുപറ്റിക്കുകയും ബാക്കി വേണ്ട സീറ്റുകളിലേക്ക് എം എല്‍ എമാരെ ചാക്കിട്ടുപിടിക്കാന്‍ ആവശ്യമായ കോടിക്കണക്കിന് രൂപ ഇവിടെ എത്തിയിട്ടുമുണ്ടാകണം. അങ്ങനെയൊരു ആത്മവിശ്വാസം കെ സുരേന്ദ്രന്റെ വാക്കുകളില്‍ നമ്മള് കണ്ടതാണല്ലോ.
ഇപ്പോള്‍ കൊടകരയില്‍ വെച്ച് പിടിക്കപ്പെട്ട കുഴല്‍പ്പണം കൂറ്റന്‍ മഞ്ഞുമലയുടെ വെള്ളത്തിന് മുകളില്‍ കാണുന്ന ചെറിയൊരറ്റം മാത്രമാണ്. കാശ് പങ്കിട്ടെടുക്കുന്നതുമായി ബന്ധപ്പെട്ട് പ്രാദേശിക നേതാക്കളും മുതിര്‍ന്ന നേതാക്കളും അണികളുമെല്ലാം തമ്മിലുണ്ടായ കശപിശകള് ഇപ്പോള്‍ കത്തിക്കുത്തില്‍ വരെ എത്തിയിരിക്കുന്നു. ബി ജെ പി നേതാക്കള്‍ക്കിടയിലുള്ള ഗ്രൂപ്പ് വഴക്കുകള്‍ കാരണം ഇനിയും വലിയ വലിയ സത്യങ്ങള്‍ പുറത്തുവരും. കെ സുരേന്ദ്രന്റെ ഹെലികോപ്റ്റര്‍ യാത്രകള്‍ വരെ ഇപ്പോള്‍ കള്ളപ്പണം നീക്കിയതുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങളില്‍ കുടുങ്ങിയിരിക്കുകയാണ്. കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം പിടിക്കപ്പെട്ടിട്ടും അതിന്റെ പേരില്‍ അക്രമങ്ങള്‍ ഉണ്ടായിട്ടും ഇ ഡി, എന്‍ ഐ എ തുടങ്ങിയ ഏതെങ്കിലും കേന്ദ്ര ഏജന്‍സികളെ ഈ വഴിക്ക് കണ്ടോ?