മന്ത്രിയെ ക്വാറന്‍റീനില്‍ നിന്ന് ഒഴിവാക്കിയ സംഭവം: ഇരട്ടനീതിക്കെതിരെ ടി.എന്‍ പ്രതാപന്‍ എം.പിയും അനില്‍ അക്കര എം.എല്‍.എയും ഉപവാസ സമരത്തില്‍

Jaihind News Bureau
Tuesday, May 19, 2020

 

തൃശൂർ : മന്ത്രി എ.സി മൊയ്ദീന് ക്വാറന്‍റീൻ വേണ്ട എന്ന മെഡിക്കൽ ബോർഡ് റിപ്പോർട്ടിനെതിരെ ടി.എൻ പ്രതാപൻ എം.പിയും അനിൽ അക്കര എം.എൽ.എയും 24 മണിക്കൂർ ഉപവാസം തുടങ്ങി. ക്വാറന്‍റീനില്‍ പോലും ഇരട്ടനീതി നടപ്പാക്കുന്ന സർക്കാര്‍ നിലപാടിനെതിരെയാണ് പ്രതിഷേധം. മന്ത്രിക്ക് ഒരു നീതിയും യു.ഡി.എഫ് ജനപ്രതിനിധികള്‍ക്ക് മറ്റൊരു നീതിയും എന്നത് അംഗീകരിക്കാനാവില്ലെന്ന് ടി.എന്‍ പ്രതാപന്‍ എം.പി പറഞ്ഞു.

സമൂഹത്തിന്‍റെ സുരക്ഷയെക്കുറിച്ച് ബോധമുള്ളവരാണ് തങ്ങള്‍. അതുകൊണ്ടാണ് പരിശോധനയ്ക്ക് സ്വയം തയാറായത്. സമൂഹത്തോടാണ് വിധേയത്വമെങ്കിൽ മന്ത്രിയും സ്വയം പരിശോധനയ്ക്ക് വിധേയമാകണമെന്ന് ടി.എന്‍ പ്രതാപന്‍ എം.എല്‍.എ പറഞ്ഞു.

ഇരുവരും ക്വാറന്‍റീനിൽ കഴിയുന്ന ഇടങ്ങളിൽ തന്നെയാണ് ഉപവാസം ഇരിക്കുന്നത്. രാവിലെ 10 ന് തുടങ്ങിയ സമരം നാളെ രാവിലെ 10 ന് സമാപിക്കും. ഉപവാസത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് തൃശൂർ ജില്ലയിലെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സത്യഗ്രഹ സമരം നടത്തി വരിയാണ്.

 

 

അനില്‍ അക്കര എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റ്:

”കുതിരാൻ ചുരത്തിനിപ്പുറത്തെ ഇരട്ട നീതിക്കെതിരായ പോരാട്ടം, ക്വാറന്റെയിനിൽ 24മണിക്കൂർ ഉപവാസം ആരംഭിച്ചു. എന്തിനാണ് ഈ സമരം? വാളയാറിൽ നമ്മുടെ മലയാളികളുടെ, തൃശൂർക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാണ് പോയത്, എന്നാൽ അവിടെ കോവിഡ് പോസറ്റീവായ ആളുമായി ഞങ്ങൾ സമ്പർക്കത്തിലായി എന്നല്ല ഞങ്ങൾ നിരീക്ഷണത്തിൽ പോകാനുള്ള കാരണം, ആ വ്യക്തിയുടെ കൂടെ വന്ന ആളുകളുമായി സമ്പർക്കത്തിലായി എന്നതാണ്, എന്നാൽ ഗുരുവായൂരിൽ അഞ്ച് പോസിറ്റിവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടും അവരുമായി സമ്പർക്കം പുലർത്തിയ മന്ത്രിക്ക് സെക്കന്‍ററി ലോ റിസ്ക് നിരീക്ഷണം. ഈ അനീതിക്കെതിരെയാണ് സമരം, അതല്ലെങ്കിൽ ഒരേ നീതി നടപ്പാക്കണമായിരുന്നു. ഞങ്ങൾ സമൂഹത്തിന്‍റെ സുരക്ഷയെക്കുറിച്ച് ബോധമുള്ളവരാണ്. അതുകൊണ്ടാണ് ഞങ്ങൾ പരിശോധനയ്ക്ക് സ്വയം തയാറായത്. സമൂഹത്തോടാണ് വിധേയത്വമെങ്കിൽ മന്ത്രിയും സ്വയം പരിശോധനയ്ക്ക് വിധേയമാകണം.”