ഡോക്ടറുടെ കുറിപ്പടിയില്‍ മദ്യം; സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണം, ടി.എന്‍ പ്രതാപന്‍ എം.പി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

Jaihind News Bureau
Tuesday, March 31, 2020

മദ്യാസക്തി ഉള്ളവര്‍ക്ക് ഡോക്ടറുടെ കുറിപ്പ് പ്രകാരം മദ്യം നല്‍കാമെന്ന സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ടി.എന്‍ പ്രതാപന്‍ എം.പി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കൊവിഡ് എന്ന മഹാമാരിയെ നാട് അഭിമുഖീകരിച്ചുകൊണ്ടിരിക്കുമ്പോള്‍ തങ്ങളുടെ ജീവൻ പണയം വെച്ച് സമൂഹത്തിനു വേണ്ടി സമർപ്പിത സേവനം ചെയ്യുന്ന ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും പ്രവർത്തനങ്ങളെ അവഹേളിക്കുന്നതിന് തുല്യമാണ് പുതിയ ഉത്തരവെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.

സംസ്ഥാനത്തെ ആരോഗ്യമേഖലയൊന്നാകെ കൊവിഡ് 19 നെ പ്രതിരോധിക്കുകയെന്ന ഒറ്റ ലക്ഷ്യവുമായി പ്രവർത്തിക്കുമ്പോൾ സർക്കാർ ആരോഗ്യ സംവിധാനങ്ങൾ മദ്യം നൽകുന്നതിനുള്ള ഇടനില സ്ഥാപനങ്ങളാക്കി മാറ്റിയാൽ പ്രതിരോധ പ്രവർത്തനങ്ങൾ അപ്പാടെ താളം തെറ്റുമെന്നും സർക്കാർ ആശുപത്രികൾ മദ്യാസക്തരായവരുടെ തിരക്കിൽ വീർപ്പുമുട്ടുമെന്നും അദ്ദേഹം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

ടി.എന്‍ പ്രതാപന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

നാട് സമാനതകളില്ലാത്ത കോവിഡ് എന്ന മഹാവ്യാധിയുടെ ദുരന്തത്തെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുമ്പോൾ, ദിവസങ്ങളോളം മാതൃകാപരമായി ഊണും ഉറക്കവുമൊഴിച്ച് കഠിന പ്രയത്നം ചെയ്തു കൊണ്ടിരിക്കുന്ന, ജീവൻ പണയം വെച്ച് സമൂഹത്തിനു വേണ്ടി സമർപ്പിത സേവനം ചെയ്യുന്ന ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും പ്രവർത്തനങ്ങളെ അവഹേളിക്കുന്നതിന് തുല്യമാണ് ഡോക്ടർമാരുടെ കുറിപ്പടികൾ വഴി മദ്യം നൽകാനുള്ള സർക്കാർ തീരുമാനമെന്ന് ചൂണ്ടിക്കാട്ടി സർക്കാർ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചത്.

മദ്യലഭ്യത ഇല്ലാതായതിനെ തുടർന്ന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുന്നവരെ കാണാതിരിക്കാനാവില്ല. അവർക്കായി മുഖ്യമന്ത്രി ചെയർമാനായ സംസ്ഥാന വിമുക്തിമിഷൻ്റെ കീഴിൽ സംസ്ഥാന തലം മുതൽ വാർഡുതലം വരെയുള്ള ജാഗ്രതാ സമിതികളുടെ പ്രവർത്തനം ഊർജസ്വലമാക്കി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികളെയും സന്നദ്ധ പ്രവർത്തകരെയും ഉൾപ്പെടുത്തി മദ്യാസക്തരെ കണ്ടെത്തി ഡീ അഡിക്ഷൻ സെൻ്ററുകളിലൂടെ വിദഗ്ധ ശാസ്ത്രീയ ചികിത്സ നൽകുന്നതിനും മാനസികാസ്വാസ്ഥ്യം അനുഭവപ്പെടുന്നവരെ കൗൺസലിംഗ് സെൻ്ററുകളിലൂടെ ആശ്വാസം പകരുന്നതിനും വേണ്ട നടപടികളാണ് സ്വീകരിക്കേണ്ടത് എന്ന് അഡ്വ. സി ആർ രാകേഷ് ശർമ്മ മുഖേന നൽകിയ ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

സർക്കാർ തീരുമാനം ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്നും ഹർജി അടിയന്തിര പ്രാധാന്യത്തോടെ വീഡിയോ കോൺഫറൻസ് വഴി പരിഗണിക്കണമെന്നുമാവശ്യപ്പെട്ട് ഉത്തരവിറങ്ങിയ ഇന്നലെത്തന്നെ അഭിഭാഷകൻ മുഖേന ഹൈക്കോടതിക്ക് അപേക്ഷ നൽകിയിരുന്നു. തുടർന്നാണ് അപേക്ഷ സ്വീകരിച്ച് ഏപ്രിൽ രണ്ടിന് ഹർജി പരിഗണിക്കാൻ ഇന്ന് ഹൈക്കോടതി അനുമതി നൽകിയത്.

സംസ്ഥാനത്തെ ആരോഗ്യമേഖലയൊന്നാകെ കോവിഡ് 19 നെ പ്രതിരോധിക്കുകയെന്ന ഒറ്റ ലക്ഷ്യവുമായി പ്രവർത്തിക്കുമ്പോൾ സർക്കാർ ആരോഗ്യ സംവിധാനങ്ങൾ മദ്യം നൽകുന്നതിനുള്ള ഇടനില സ്ഥാപനങ്ങളാക്കി മാറ്റിയാൽ പ്രതിരോധ പ്രവർത്തനങ്ങൾ അപ്പാടെ താളം തെറ്റുമെന്നും സർക്കാർ ആശുപത്രികൾ മദ്യാസക്തരായവരുടെ തിരക്കിൽ വീർപ്പുമുട്ടുമെന്നും ചൂണ്ടിക്കാട്ടി.

സർക്കാർ ഉത്തരവിനെ സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എ യും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും ശക്തമായി എതിർത്തിട്ടുണ്ട്. മെഡിക്കൽ മാർഗരേഖയ്ക്ക് വിരുദ്ധമായ, യാതൊരു ശാസ്ത്രീയമായ അടിത്തറയുമില്ലാത്ത ഉത്തരവ് പാലിക്കാൻ ഡോക്ടർമാർ തയാറല്ലെന്നും ഇതിന്റെ പേരിൽ നടപടിയുണ്ടായാൽ നേരിടുമെന്നും ഡോക്ടർമാർ പ്രതികരിച്ചത് സർക്കാർ മുഖവിലക്കെടുക്കണം.

മദ്യാസക്തിക്ക് മദ്യം മരുന്നല്ല. ഡോക്ടർമാരുടെ സമർപ്പണ പ്രയത്നത്തെ അഭിനന്ദിക്കുന്നതിനു പകരം അവരുടെ മെഡിക്കൽ എത്തിക്ക്സിനും അവർ നെഞ്ചേറ്റിയ ഹിപ്പോക്രാറ്റിക് പ്രതിജ്ഞക്കും ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശക തത്വങ്ങൾക്കുമെതിരായി പ്രവർത്തിക്കാൻ നിർബന്ധിക്കുന്നത് അവരെ അപമാനിക്കലാണ് എന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.