
തിരുവനന്തപുരം: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എന്ന നിലക്ക് രാജ്യത്തുടനീളം കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനത്തിന് നേതൃത്വം നല്‍കുകയും, ബിജെപി-ആര്‍എസ്എസ് രാഷ്ട്രീയ അച്ചുതണ്ടിനെതിരെയുള്ള പ്രതിപക്ഷ പോരാട്ടങ്ങള്‍ക്ക് ഏകോപിപ്പിക്കുകയും ചെയ്യുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവാണ് കെസി വേണുഗോപാല്‍. ജനാധിപത്യം സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള പോരാട്ടങ്ങളില്‍ കെ.സി വേണുഗോപാലിന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് എഐസിസി സെക്രട്ടറി ടി.എന്‍ പ്രതാപന് പറഞ്ഞു.
കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ കെ.സി വേണുഗോപാല്‍ ഉയര്‍ത്തുന്ന വിമര്‍ശനങ്ങളില്‍ അസഹിഷ്ണുതയുള്ളതിനാലാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് കെസി വേണുഗോപാലിനെ ആക്ഷേപിക്കുന്നത്. ദേശീയ തലത്തിലും സ്വാധീനമുള്ള ഒരു കോണ്‍ഗ്രസ് നേതാവിന് കേരളത്തില്‍ ജനപ്രീതി വര്‍ദ്ധിക്കുന്നത് സിപിഐഎം നേതൃത്വത്തെ അസ്വസ്ഥപ്പെടുത്തുന്നു. കെ.എസ്.യു കാലം മുതല്ക്കേ ഇടതുപക്ഷത്തിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ പോരാടി വളര്‍ന്ന നേതാവാണ് കെസി വേണുഗോപാല്‍ എന്നത് സിപിഐഎമ്മിന്റെ ശത്രുത ഇരട്ടിയാക്കുന്നു.
സിപിഐഎമ്മും സിപിഐയും ഉള്‍പ്പെടെയുള്ള ഇടത് കക്ഷികള്‍ കൂടി ചേര്‍ന്നാണല്ലോ ഇന്ത്യാ മുന്നണിയുടെ മഹാസഖ്യമുണ്ടായത്. എന്നിട്ടും ഇന്ത്യയിലെ ഏക കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായ പിണറായി വിജയന് ബീഹാറില്‍ പ്രചരണത്തിന് പോയില്ല. കഴിഞ്ഞ കുറെ തെരഞ്ഞെടുപ്പുകള്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നടന്നു. അവിടെയൊന്നും പിണറായി വിജയനെ കണ്ടില്ല. ബിജെപിക്കെതിരെ സംസാരിക്കാന്‍ മടിയുള്ള മുഖ്യമന്ത്രിയെ പറ്റി സിപിഐഎം സംസ്ഥാന സെക്രട്ടറി എന്താണ് പറയുക?
ദേശീയതലത്തില്‍ നിലനില്‍ക്കുന്ന ഇന്ത്യാ സഖ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട നേതാക്കളില്‍ ഒരാളാണ് കെസി വേണുഗോപാല്‍. കേരളത്തിലെ ഇടത് പാര്‍ട്ടികളും ഇന്ത്യാ സഖ്യത്തിന്റെ ഭാഗമാണ്. അതുകൊണ്ടുതന്നെ ദേശീയ രാഷ്ട്രീയം സംബന്ധിച്ച രാഷ്ട്രീയ വിമര്‍ശനങ്ങള്‍ ഉന്നയിക്കുമ്പോള്‍ സാമാന്യ രാഷ്ട്രീയ-മുന്നണി മര്യാദകള്‍ പാലിക്കാന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി ശ്രദ്ധിക്കണം. അധികാരം നഷ്ടപ്പെടുന്നുമെന്ന് ഭയക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി എന്തും പറയാമെന്ന് കരുതുന്നത് അപഹാസ്യപരമാണ് എന്നും ടിഎന്‍ പ്രതാപന് കുറ്റപ്പെടുത്തി.