പ്രളയകാലത്ത് ഇടുക്കി ഡാമിൽ നിന്ന് അമിതമായി കേരളം വെള്ളം തുറന്നുവിട്ടെന്ന് തമിഴ്‌നാട് സർക്കാർ. മഴ കനത്ത ആഗസ്റ്റ് 15ന് 390മില്യൺ ക്യൂബിക് മീറ്റർ വെള്ളം തുറന്നുവിട്ടെന്ന് കെ.എസ്.ഇ.ബി രേഖകൾ ഉദ്ധരിച്ച് തമിഴ്‌നാട് സുപ്രിംകോടതിയെ അറിയിച്ചു.
111മില്യൺ ക്യൂബിക് വെള്ളമേ തുറന്നുവിട്ടുള്ളൂ എന്നാണ് കെ.എസ്.ഇ.ബി പറയുന്നത്. രേഖകളിൽ തിരുത്തൽ വരുത്തിയിട്ടുണ്ടോ എന്ന സംശയവുമായി പ്രതിപക്ഷവും രംഗത്ത് വന്നു.
കേരളത്തിലെ പ്രളയക്കെടുതി രൂക്ഷമായതിൽ മുല്ലപ്പെരിയാറിൽ നിന്ന് തുറന്നുവിട്ട വെള്ളവും കാരണമായെന്ന് കേരളം സുപ്രിം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഇതിന് മറുപടിയായി തമിഴ്‌നാട് സുപ്രിം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇടുക്കിയിൽ നിന്ന് പ്രളയകാലത്ത് തുറന്നുവിട്ട വെള്ളത്തിൻറെ അളവ് കൊടുത്തിരിക്കുന്നത്. 10-ാം തിയതി മുതലുള്ള രേഖയാണ് ഉള്ളത്. 52.7 മില്യൺ ക്യൂബിക് മീറ്ററാണ് 10ന് ഒഴുക്കി വിട്ടത്. 14-ാം തീയതിയിൽ തുറന്നുവിട്ടത് 46.21 മില്യൺ ക്യൂബിക് മീറ്ററാണ്. എന്നാൽ ഏറ്റവും കൂടുതൽ മഴ ലഭിച്ച ആഗസ്റ്റ് 15 ന് 390.51 മില്യൺ ക്യൂബിക് മീറ്റർ വെള്ളം തുറന്നുവിട്ടെന്നാണ് തമിഴ്‌നാട് നൽകുന്ന കണക്ക്.
കെ.എസ്.ഇ.ബിക്ക് കീഴിലെ ഡാമുകളിലെ വെള്ളത്തെക്കുറിച്ച രേഖകൾ സൂക്ഷിക്കുന്ന സ്റ്റേറ്റ് ലോഡ് ഡെസ്പാച്ച് സെൻററിൻറെ സൈറ്റിൽ നിന്നെടുത്ത രേഖകളെന്നാണ് തമിഴ്‌നാട് അവകാശപ്പെടുന്നത്. കഴിഞ്ഞ വർഷം ആഗസ്റ്റിലെ രേഖകൾ ഇപ്പോൾ ഈ സൈറ്റിൽ ലഭ്യമല്ല. കെ.എസ്.ഇ.ബി വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരപ്രകാരം 111 മില്യൺ ക്യൂബിക് മീറ്റർ വെള്ളം മാത്രമേ പുറത്തുവിട്ടുള്ളൂ എന്നാണ് പറയുന്നത്. ഈ വൈരുധ്യത്തിന് കാരണമെന്തെന്ന ചോദ്യം പ്രതിപക്ഷം ഉന്നയിച്ച് കഴിഞ്ഞു.
ശരിയായ വിവരം സർക്കാർ പുറത്തുവിടണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രളയത്തിൻറെ ആക്കം കൂട്ടിയത് ഡാം മാനേജ്‌മെൻറിലെ പിഴവാണെന്ന് ഹൈകോടതി നിയമിച്ച അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട് കൂടി വന്ന സാഹചര്യത്തിൽ ഈ പുതിയ വിവരം സർക്കാരിനെ വലിയ തോതിൽ പ്രതിരോധത്തിലാക്കും.