അർധനഗ്നനായി വനിതാ നേതാവിനോട് അശ്ലീല സംഭാഷണം ; ബിജെപി ജനറൽ സെക്രട്ടറി രാജിവെച്ചു

Jaihind Webdesk
Wednesday, August 25, 2021

ചെന്നൈ : വനിതാ പ്രാദേശിക നേതാവിനോട് അശ്ലീല സംഭാഷണം നടത്തിയ തമിഴ്നാട് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.ടി.രാഘവൻ രാജിവച്ചു. വനിതാ നേതാവിനോടു മോശമായി പെരുമാറുന്ന ദൃശ്യങ്ങൾ പാർട്ടി അംഗം കൂടിയായ വ്ലോഗറാണു പുറത്തുവിട്ടത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സമിതിയെ ബിജെപി നിയോഗിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ നേരിട്ട് അംഗത്വം നൽകിയ വ്ലോഗർ മദൻ രവിചന്ദ്രനാണു ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. ചെങ്കൽപേട്ടിൽ നിന്നുള്ള വനിതാ പ്രാദേശിക നേതാവുമായി നടത്തിയ വിഡിയോ കോൾ ദൃശ്യങ്ങളാണ് ഇതിലുള്ളത്. അർധനഗ്നനായി പൂജാമുറിയിൽ ഇരുന്നായിരുന്നു അശ്ലീല സംഭാഷണം. നേരത്തേ ഇതുസംബന്ധിച്ചു തമിഴ് പത്രത്തിൽ വാർത്ത പ്രത്യക്ഷപ്പെട്ടത് വൻ വിവാദമായിരുന്നു.