‘മേയിലെ ആദ്യ ഞായറാഴ്ചയാണ് ലോക ചിരി ദിനം’; ‘തോട്ടപ്പള്ളിയില്‍’ സിപിഎമ്മിനെ പരിഹസിച്ച് സിപിഐ

Jaihind Webdesk
Friday, July 8, 2022

ആലപ്പുഴ: തോട്ടപ്പള്ളി കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട് സിപിഎം എംഎല്‍എ എച്ച് സലാമിനെതിരെ  പരിഹാസവുമായി സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടി.ജെ ആഞ്ചലോസ്. ‘തോട്ടപ്പള്ളി പൊഴിമുഖത്തെ മണലെടുപ്പ് തടഞ്ഞ് എംഎല്‍എ’ എന്ന തലക്കെട്ടില്‍ വന്ന പത്രവാർത്ത പങ്കുവെച്ചായിരുന്നു ആഞ്ചലോസിന്‍റെ പരിഹാസം.

‘മെയ് മാസത്തെ ആദ്യ ഞായറാഴ്ചയാണ് ലോക ചിരി ദിനം’ – വാർത്ത പങ്കുവെച്ച് ആഞ്ചലോസ് ഫേസ്ബുക്കില്‍ കുറിച്ചു.

പിണറായി സർക്കാരിനും സിപിഎമ്മിനുമെതിരെ ശക്തമായ പ്രക്ഷോഭം ഉയർന്ന ഒന്നാണ് തോട്ടപ്പള്ളി കരിമണല്‍ ഖനന വിഷയം. സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് പോർമുഖം തുറന്നു. സംയുക്ത സമരത്തിന് നിരവധി പേർ ഒപ്പം ചേർന്നു.  സിപിഐയും സര്‍ക്കാരിനെതിരെ പ്രത്യക്ഷ സമരത്തിനിറങ്ങി. എന്നാല്‍ ഒരു ജനതയുടെ ഭയാശങ്കകളെ നിസാരവത്ക്കരിച്ച സര്‍ക്കാരും സിപിഎമ്മും കരിമണല്‍ ഖനനവുമായി മുന്നോട്ട് നീങ്ങുകയായിരുന്നു.

ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ സിപിഎമ്മിലെ എച്ച് സലാം എംഎല്‍എയുടെ നേതൃത്വത്തില്‍ തോട്ടപ്പള്ളിയില്‍ മണലെടുപ്പ് തടഞ്ഞു എന്ന വാര്‍ത്തയിലെ പൊള്ളത്തരം ചൂണ്ടിക്കാട്ടി സിപിഐ ജില്ലാ സെക്രട്ടറി ടി.ജെ ആഞ്ചലോസ് രംഗത്തെത്തിയത്. പഴയ കാര്യങ്ങള്‍ ജനങ്ങള്‍ മറന്നിട്ടില്ലെന്ന്  ഒറ്റവാക്കില്‍ ഓര്‍മ്മിപ്പിച്ച് ആഞ്ചലോസ് രംഗത്തെത്തിയതോടെ  തോട്ടപ്പള്ളിയില്‍ സിപിഎം-സിപിഐ കൊമ്പുകോർക്കലിനാണ് വീണ്ടും വഴിയൊരുങ്ങുന്നത്.