യൂണിവേഴ്സൽ വരുമാന പദ്ധതി രാജ്യത്ത് നടപ്പിൽ വരുത്താൻ സമയമായി

Jaihind News Bureau
Thursday, April 30, 2020
അനിൽ.കെ.ആന്‍റണി
സാമൂഹ്യമാറ്റങ്ങളും, സ്വഭാവവ്യതിയാനങ്ങളും സൃഷ്ടിച്ച് മുന്നോട്ടു പോകുന്ന നിലവിലെ പ്രതിസന്ധി കോവിഡ് 19 ന്  മുൻപും പിൻപും എന്ന  സമയ ഗണനയിലേക്കാണ് മനുഷ്യരാശിയെ എത്തിച്ചിരിക്കുന്നത്. ലോക്ഡൗണ്‍ പ്രഖ്യാപനങ്ങൾക്കു ശേഷം രാജ്യങ്ങളുടെ സമ്പദ് രംഗവും നിർബന്ധപൂർവ്വം തളച്ചിടപ്പെട്ടിരിക്കുന്നു. വ്യത്യസ്ത വാണിജ്യ മേഖലകളിലെ പരശതം കോടികളുടെ വേതനവും വരുമാനവും ഇതോട് കൂടി പൂർണ്ണമായി നിലച്ചിരിക്കുന്നു.
അപകടകാരിയായ വൈറസിന്റെ ആഗമനത്തിനു മുൻപ് തന്നെ നാലാം വ്യവസായ വിപ്ലവമുന്നേറ്റങ്ങളുയർത്തിയ പുതിയ വെല്ലുവിളികൾ നമ്മുടെ ലോകത്തുണ്ട്.   അത്യന്താധുനിക സാങ്കേതിക വിദ്യകളായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ്, ത്രിഡി പ്രിന്റിംഗ് തുടങ്ങിയവ മുമ്പൊരിക്കലും കാണാത്ത ഉൽപാദനക്ഷമതയും നേട്ടങ്ങളുമാണുയർത്തിയത്.  ഈ സംജ്ഞകൾ അതേ സമയം മാനുഷികവിഭവശേഷിയുടെ ആവശ്യകത തുലോം കുറച്ച് കൊണ്ടുവന്നു.
സിലിക്കൺ വാലിയാണ് നമ്മുടെ സാങ്കേതിക കുതിച്ചു ചാട്ടത്തിന്റെ ശ്രദ്ധേയമായ സൂചകം. ഇവിടെ നാലാം വ്യവസായിക വിപ്ലവത്തിന്റെ രീതികൾ വ്യക്തമായി ദൃശ്യമാകുന്നുണ്ട്. ലോകത്തെ എട്ടു പ്രധാന കമ്പനികളിൽ അഞ്ചെണ്ണവും ഇവിടെയുണ്ട്. ഈ സാങ്കേതിക ഭീമൻമാരുടെ മൊത്തം മാർക്കറ്റ് ക്യാപിറ്റൽ നാല് ട്രില്യൺ ഡോളർ വരും. അപ്പോൾ പോലും 12 ലക്ഷം പേർക്ക് മാത്രമാണ് ജോലി ലഭ്യമാകുന്നത്. തൊഴിൽ എന്നത് ഇന്ന് അമൂല്യമായി മാറിക്കൊണ്ടിരിക്കുകയാണ്.
യൂണിവേഴ്സൽ പ്രാഥമിക വരുമാന (യൂണിവേഴ്സൽ ബേസിക് ഇൻകം – യു.ബി.ഐ) ത്തെക്കുറിച്ച് വലിയ ചർച്ചകൾ നടക്കുന്നുണ്ട്. വർദ്ധിച്ചു വരുന്ന തൊഴിൽ ശോഷണത്തെ തുടർന്നുളള പ്രതിസന്ധികൾക്ക് ഇത് വലിയ പരിഹാരമായിട്ടാണ് പലരും കാണുന്നത്. ദാരിദ്ര്യ നിർമ്മാർജ്ജനത്തിനുള്ള മികച്ച പോംവഴിയായി ഇതു പരിഗണിക്കപ്പെടുന്നു. ഈ പദ്ധതിയുടെ വക്താക്കളിൽ സാമ്പത്തിക ശാസ്ത്ര നോബൽ സമ്മാന ജേതാക്കളായ പീറ്റർ ഡയമണ്ടിനെയും, ക്രിസ്റ്റഫർ പിസ്സാറഡെയ്സിനെയും പോലുള്ളവരും സാങ്കേതിക മേഖലയിലെ ഉന്നതശീർഷരായ മാർക്ക് സുക്കർബർഗും, ഇലോൺ മസ്കുമൊക്കെയുണ്ട്.
ഒരു രാജ്യത്തെ മുഴുവൻ പൗരൻമാരും നിരുപാധികം നിശ്ചിത തുകക്ക് കൃത്യമായി അവകാശികളാവുക എന്നതാണ് യു.ബി.ഐയുടെ സാരാംശം. എന്നാൽ സാമ്പത്തിക ഭദ്രത കൈവരിച്ചവരൊഴികെയുള്ളവരെ ലക്ഷ്യം വെച്ചുള്ള പദ്ധതികളാണ് അഭികാമ്യം. എന്തൊക്കെയാണെങ്കിലും കെനിയ, ബ്രസീൽ, ഫിൻലാന്റ്, സ്വിറ്റ്സർലാന്റ് തുടങ്ങിയ രാജ്യങ്ങൾ   ഈ ആശയം നടപ്പിൽ വരുത്താൻ മുന്നോട്ടുവന്നിട്ടുണ്ട്.  നിശ്ചിത വിഭാഗം പൗരൻമാർക്ക്  യു.ബി.ഐ  നടപ്പിലാക്കി പദ്ധതിയുടെ ആദ്യ മാതൃകകൾ പ്രായോഗത്തിൽ കൊണ്ടു വന്നിട്ടുണ്ട്.
സാങ്കേതിക വികാസം കൊണ്ടുള്ള വിപരീത ഫലങ്ങൾ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിൽ നിന്ന് ഇന്ത്യയെ പിറകോട്ട് വലിച്ചിട്ടുണ്ട്.  എങ്കിലും നമ്മുടെ രാജ്യത്തിന്റെ വിപുലമായ ശേഷിയും, അടിസ്ഥാന സൗകര്യ വികസനത്തിന്റെ അനന്ത സാധ്യതകളും ആസന്നഭാവിയിൽ ഒരു പാട് കരങ്ങളെ പിടിച്ചുയർത്താൻ ശേഷിയുള്ളതാണ്. എന്നിരുന്നാൽ പോലും  ഓരോ മാസവും പുതിയ തൊഴിലന്വേഷകരായി തൊഴിൽ മേഖലയെ സമീപിച്ചിരുന്ന പത്ത് ലക്ഷം പേരെ ഉൾക്കൊള്ളാൻ പകർച്ചവ്യാധിക്കു മുമ്പുള്ള കാലത്തും നമുക്ക് വലിയ തോതിൽ കഴിഞ്ഞിരുന്നില്ല.
2016-17 കാലത്തെ നമ്മുടെ സാമ്പത്തിക സർവ്വേയും, ഐ.എം.എഫും, വിശപ്പും ദാരിദ്ര്യവും ലഘൂകരിക്കാൻ സമൂഹത്തിന്റെ ഉയർന്ന ശ്രേണിയിലൊഴികെയുള്ള ജനവിഭാഗങ്ങൾക്കായി നിശ്ചിത പ്രാഥമിക സ്ഥിരവരുമാനം എന്ന ആശയം മുന്നോട്ടുവെച്ചിരുന്നു. സാമ്പത്തിക സർവ്വേ കണക്കു പ്രകാരം യു.ബി.ഐ. 7620 രൂപ വീതം 75% ജനതക്ക് ഉറപ്പു വരുത്തിയാൽ  ജി.ഡി.പി യുടെ 4.9% വരും. തുകകൂടുതലാണ് എന്നത് കൊണ്ടാവാം ഇത് നടപ്പിൽ വരുത്തുവാനായി രാഷ്ട്രീയ ഇച്ഛാശക്തി വേണ്ട വിധം ഉണർന്ന് കണ്ടില്ല.
ഇത്തരമൊരു പദ്ധതി നടപ്പിലാവുന്ന പക്ഷം ശരാശരി ഒരു ഇന്ത്യൻ കുടുംബത്തിൽ അഞ്ചു പേർ എന്ന കണക്കിൽ ഒരു കുടുംബത്തിന്റെ വാർഷിക വരുമാനത്തിൽ ഏകദേശം 40000 രൂപയുടെ വർദ്ധനവാണുണ്ടാവുക. അവരുടെ അത്യാവശ്യ ചിലവുകൾക്ക് ഇത് മതിയായ തുകയാവുമായിരുന്നു.
സമാനമായ വിപ്ലവകരമായ ഒരു നിർദ്ദേശം 2019ലെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തിന്റെ ഭാഗമായി ന്യായ് (NYAY) എന്ന പേരിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് മുന്നോട്ടുവെച്ചിരുന്നു. സാർവ്വലൗകികമായ ഈ പദ്ധതിയുടെ മുൻ സാമ്പത്തിക സർവ്വേയെ അപേക്ഷിച്ച് പ്രധാനമായും 20% വരുന്ന ദരിദ്ര വിഭാഗത്തെ ഉന്നം വെച്ചുള്ളതായിരുന്നു. പദ്ധതി പ്രകാരം  പ്രതിവർഷം 72000 രൂപ വീതം നിർദ്ദിഷ്ട കുടുംബങ്ങൾക്ക് ഉറപ്പു വരുത്തിയിരുന്നു.
കോവിഡ് 19 നമ്മുടെ വർത്തമാനകാലത്തെ കീഴ്മേൽ മറിച്ചിരിക്കുന്നു. ഐ.എം.എഫ് വലിയ ആഗോള മാന്ദ്യത്തെ മുന്നിൽ കാണുന്നുണ്ട്. ചരിത്രത്തിലെ ഏറ്റവും മോശം കാലങ്ങൾക്കു സമാനമായി 3% വളർച്ച ഇടിവാണ് ആഗോള സമ്പദ് മേഖല പ്രതീക്ഷിക്കുന്നത്. അഞ്ചു പതിറ്റാണ്ടിനിടയിലെ ഏറ്റവും ദുർബലമായ 1.9% വളർച്ച നിരക്കാണ് 2020-21 ൽ ഇന്ത്യ പ്രതീക്ഷിക്കുന്നത്. അപ്പോഴും നാം ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥയാണെന്നാണ് കൗതുകം.
അമേരിക്കൻ സമ്പദ് രംഗം 5.9% വളർച്ച ഇടിവ്  കാണിക്കുമെന്നാണ് സൂചനകൾ പറയുന്നത്. പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് സാമ്പത്തിക അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിനു ശേഷവും തൊഴിലില്ലായ്മയും തൊഴിൽ വളർച്ചാ നിരക്കും താഴ്ന്നു പോയിരിക്കുന്നു. 1920- 30 കളിലെ സമ്പൂർണ്ണ തകർച്ചയ്ക്ക് സമാനമായ കാലഘട്ടമാണ് തുറിച്ച് നോക്കുന്നത്. ഇന്ത്യയുടെ കയ്യിൽ തൊഴിലുമായി ബന്ധപ്പെട്ട അത്തരത്തിലൊരു വിവര ശേഖരം പോലുമില്ല.
കോവിഡിനെതിരെ പ്രതിരോധ കുത്തിവെപ്പുകളുടെ ആവിർഭാവം വരെ ലോക്ക് ഡൗണുകൾ നിയന്ത്രിതമായ അളവിൽ മറ്റൊരു രീതിയിലെങ്കിലും തുടരാനിടയുണ്ട്. ഇന്ത്യയുടെ 90% തൊഴിൽ ശക്തിയും അസംഘടിത മേഖലകളിലാണ്.  ജോലിയോ, വേതനമോ, സാമൂഹ്യ സുരക്ഷയോ ഇല്ലാതെ സൂക്ഷ്മാർത്ഥത്തിൽ തന്നെ മറ്റെങ്ങുമില്ലാത്ത വിധം അവ തകർന്നു പോയിക്കൊണ്ടിരിക്കുന്നു. വരുമാനം എന്നത് അവർക്ക് കിട്ടാക്കനിയായി മാറി. അവരുടെ ജീവൻ നിലനിർത്താനുള്ള  ഏക മാർഗ്ഗം ചുരുങ്ങിയ പക്ഷം സമ്പദ് രംഗം സാധാരണനിലകൈവരിക്കുന്നതു വരെയെങ്കിലും നിരുപാധികമുള്ള പണലഭ്യത ഉറപ്പു വരുത്തുക എന്നതു മാത്രമാണ്. യു.ബി.ഐ എന്ന പദ്ധതി നടപ്പിലാക്കാൻ ഉചിതമായ ഒരു സമയമുണ്ടെങ്കിൽ അത് ഇതല്ലാതെ മറ്റേതാണ് ?.
(അനിൽ.കെ.ആന്‍റണി കെ.പി.സി.സി ഡിജിറ്റൽ ഐ.ടി.സെൽ കൺവീനറും കോവിഡ് 19 ആക്ഷൻ ഗ്രൂപ്പായ PlIndia.org ന്‍റെ നാഷണൽ കോ-ഓർഡിനേറ്ററുമാണ്.)