പട്ടയഭൂമിയിലെ മരംമുറി ഉത്തരവിന്‍റെ മറവില്‍ കടുംവെട്ട് ; സിപിഐ നേതാവ് സൂക്ഷിച്ച തടി വനംവകുപ്പ് പിടികൂടി

Jaihind Webdesk
Monday, June 14, 2021

ഇടുക്കി : പട്ടയഭൂമിയില്‍ മരംമുറി അനുവദിച്ച സർക്കാർ ഉത്തരവിന്‍റെ മറവില്‍ വനംവകുപ്പിന്റെ പരിധിയിൽ വരുന്ന മരങ്ങൾ ഉൾപ്പെടെ വ്യാപകമായി മുറിച്ചതായി റിപ്പോർട്ടുകൾ. ഇടുക്കിയിൽ വനം വിജിലൻസിന്റെ പരിശോധനയിൽ നിരവധി ക്രമക്കേടുകള്‍ കണ്ടെത്തി.

അതിനിടെ അനധികൃതമായി മുറിച്ചുകടത്തിയ 10 ലോഡ് തടി  ഇടുക്കി വെള്ളിലാങ്കണ്ടത്തുനിന്നും വനംവകുപ്പ് പിടികൂടി. സിപിഐ നേതാവാണ് തടി എത്തിച്ചതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഉപ്പുതറ ഏലമലക്കാട്ടിലെ കാർഡമം ഹിൽ റിസർവില്‍ നിന്ന് മുറിച്ചുകടത്തിയ തടിയാണ്  ഉപ്പുതുറ കാഞ്ചിയാർ സെക്‌ഷൻ ഫോറസ്റ്റർ കെ.ജെ. ദീപക്കിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.

ആൾത്താമസമില്ലാത്ത വീടിനു സമീപമാണ് സൂക്ഷിച്ചിരുന്നത്. മുതിർന്ന സി.പി.ഐ. നേതാവും കാഞ്ചിയാർ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ വി.ആർ. ശശിയാണ് തടി എത്തിച്ചതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഏലം സ്റ്റോറിലേക്കുള്ള വിറകാണെന്നും വാങ്ങിയതിന് വില ചീട്ടുണ്ടന്നുമാണ് ശശിയുടെ വാദം  എന്നാൽ, ഒരു അനുമതിയും നൽകിയിട്ടില്ലെന്നും കുറ്റകരമാണെന്നും വനംവകുപ്പ് പറയുന്നു.