മലപ്പുറത്ത് വിവിധ ഭാഗങ്ങളില്‍ കടുവ സാന്നിധ്യം; ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

Jaihind News Bureau
Friday, May 23, 2025

മലപ്പുറത്ത് വിവിധ പ്രദേശങ്ങളില്‍ കടുവ സാന്നിധ്യം കണ്ടതിനാല്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം. കാളികാവ്, കരുവാരകുണ്ട് പഞ്ചായത്തുകളിലെ ആര്‍ത്തല, മഞ്ഞള്‍പ്പാറ, മദാരികുണ്ട്, സുല്‍ത്താന എസ്റ്റേറ്റ്, കേരള എസ്റ്റേറ്റ്, പാറശ്ശേരി, അടക്കാകുണ്ട്, 70 ഏക്കര്‍, 50 ഏക്കര്‍ പാന്ത്ര തുടങ്ങിയ ഭാഗങ്ങളില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനാല്‍ ആളുകള്‍ പരമാവധി ജാഗ്രത പുലര്‍ത്തണമെന്ന് വനം വകുപ്പ് അറിയിച്ചു. രാവിലെയും വൈകുന്നേരങ്ങളിലും ഒറ്റയ്ക്കുള്ള സഞ്ചാരം പരമാവധി ഒഴിവാക്കണമെന്ന് വനം വകുപ്പ് ആവശ്യപ്പെട്ടു. കടുവയെ പിടികൂടുന്നതിനുള്ള നടപടികള്‍ ഊര്‍ജ്ജിതമായി പുരോഗമിക്കുകയാണ്. പൊതുജനങ്ങള്‍ സഹകരിക്കണമെന്നും വനം വകുപ്പ് ആവശ്യപ്പെട്ടു.

അതിനിടെ ഇന്നലെ കരുവാരക്കുണ്ടില്‍ വീണ്ടും കടുവയെ കണ്ടതായി നാട്ടുകാര്‍ പറഞ്ഞു. രണ്ടു തവണ പ്രദേശത്ത് കടുവയെ കണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ദിവസങ്ങള്‍ക്കു മുമ്പ് ടാപ്പിങ് തൊഴിലാളിയെ കൊന്ന കടുവയെ തന്നെയാണ് തങ്ങള്‍ കണ്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു. കടുവയെ ഇതുവരെയായും പിടികൂടാന്‍ കഴിയാത്തതില്‍ അധികൃതര്‍ക്കെതിരേ വലിയ രീതിയിലുള്ള പ്രതിഷേധവും നാട്ടുകാരുടെ ഭാഗത്തു നിന്നുണ്ടായി. കടുവ ഭീതി കാരണം, തങ്ങള്‍ക്ക് ജോലിക്കു പോകാന്‍ കഴിയാത്ത അവസ്ഥയാണെന്നും നാട്ടുകാര്‍ പറയുന്നു.