Perinthalmanna| പെരിന്തല്‍മണ്ണയില്‍ വീണ്ടും പുലിയുടെ സാന്നിധ്യം; നാട്ടുകാര്‍ ഭീതിയില്‍

Jaihind News Bureau
Sunday, August 24, 2025

പെരിന്തല്‍മണ്ണ: മലപ്പുറം പെരിന്തല്‍മണ്ണ മണ്ണാര്‍മലയില്‍ പുലിയുടെ സാന്നിധ്യം വീണ്ടും സ്ഥിരീകരിച്ചു. ഒരു മാസത്തിനിടെ ഇത് പല തവണയാണ് ജനവാസ മേഖലയ്ക്ക് സമീപം പുലിയെ കാണുന്നത്. പ്രദേശത്ത് സ്ഥാപിച്ച നിരീക്ഷണ ക്യാമറയിലാണ് പുലിയുടെ പുതിയ ദൃശ്യങ്ങള്‍ പതിഞ്ഞത്.

പുലിയെ പിടികൂടാനായി വനംവകുപ്പ് സ്ഥാപിച്ച കൂട്ടിനടുത്ത് കൂടിയാണ് പുലി നടന്നുപോകുന്നതിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞത്. മൂന്നു തവണ പുലി കൂട്ടിന് മുന്നിലൂടെ കടന്നുപോയെങ്കിലും കെണിയില്‍ കുടുങ്ങിയില്ല. കഴിഞ്ഞ ദിവസങ്ങളില്‍ വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ച സംഭവങ്ങളെ തുടര്‍ന്നാണ് വനംവകുപ്പ് ഇവിടെ കൂട് സ്ഥാപിച്ചത്. പുതിയ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ നാട്ടുകാര്‍ വീണ്ടും ഭീതിയിലാണ്.