മലപ്പുറം: നിലമ്പൂര്‍ പൊലീസ് ക്യാമ്പില്‍ പുലിയിറങ്ങി. പോലീസുകാരന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ക്യാമ്പിലേക്ക് പുലി എത്തിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്‍ അപ്രതീക്ഷിതമായി പുലിയെ കണ്ടപ്പോള്‍ ഭയന്ന് മുകളിലേക്ക് വെടിയുതിര്‍ത്തു. അതോടെ പുലി ക്യാമ്പിനുള്ളില്‍ നിന്ന് തിരിഞ്ഞോടുകയായിരുന്നു.
സംഭവസ്ഥലത്തിന് സമീപത്തുനിന്ന് മുള്ളന്‍പന്നിയെ കൊന്ന് ഭക്ഷിച്ച നിലയില്‍ കണ്ടെത്തി. വിവരമറിഞ്ഞ് വന്യജീവി വകുപ്പ് ഉദ്യോഗസ്ഥരും വനപാലകരും സ്ഥലത്തെത്തി പരിശോധന തുടങ്ങി. പുലിയെ കണ്ടെത്തി വനത്തിലേക്ക് തിരിച്ചയക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ മേഖലയില്‍ പുലിയുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി.