
വയനാട് പുൽപ്പള്ളി വണ്ടിക്കടവിൽ വിറക് ശേഖരിക്കാൻ പോയ ആദിവാസി വിഭാഗത്തിൽപ്പെട്ട മാരൻ എന്നയാൾ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ജനവാസ മേഖലയോട് ചേർന്നുള്ള സ്ഥലത്ത് വെച്ചായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന സഹോദരിയുടെ കൺമുന്നിൽ വെച്ചാണ് മാരനെ കടുവ ആക്രമിക്കുകയും ഉൾക്കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയും ചെയ്തത്.
കാട്ടിലേക്ക് വിറക് ശേഖരിക്കാനായി പോയ മാരനെ അപ്രതീക്ഷിതമായാണ് കടുവ ചാടിവീണ് ആക്രമിച്ചത്. കഴുത്തിന് കടിയേറ്റ മാരനെ നിമിഷങ്ങൾക്കുള്ളിൽ കടുവ കാട്ടിനുള്ളിലേക്ക് കൊണ്ടുപോയി. ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ തന്റെ സഹോദരനെ അവിടെ കണ്ടില്ലെന്ന് മാരന്റെ സഹോദരി പറയുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിൽ ജനവാസ മേഖലയിൽ നിന്ന് 500 മീറ്റർ മാറി ഉൾക്കാട്ടിൽ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടയിലാണ് അദ്ദേഹം മരിച്ചത്.
പ്രദേശത്ത് കടുവയുടെ സാന്നിധ്യം സ്ഥിരമാണെന്നും വനംവകുപ്പ് ആവശ്യമായ ജാഗ്രത പുലർത്തിയില്ലെന്നും ആരോപിച്ച് നാട്ടുകാർ പ്രതിഷേധത്തിലാണ്. ദിവസങ്ങൾക്ക് മുൻപ് പ്രദേശത്തെ ഒരു പോത്തിനെ കടുവ ആക്രമിച്ചിരുന്നു. വനംവകുപ്പിന് മുന്നറിയിപ്പ് നൽകിയിട്ടും മതിയായ സുരക്ഷാ നടപടികൾ സ്വീകരിക്കാത്തതാണ് ഇത്തരമൊരു ദുരന്തത്തിന് കാരണമായതെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.