വയനാട്: പുൽപ്പള്ളി മുള്ളൻകൊല്ലിയിൽ വീണ്ടും കടുവയിറങ്ങി. മുള്ളൻകൊല്ലി കാക്കനാട്ട് തോമസിന്‍റെ ഒരു വയസ് പ്രായമുള്ള പശുക്കിടാവിനെ കടുവ കൊന്നു. ഇന്ന് പുലർച്ചെ പള്ളിയിൽ പോയ വിശ്വാസികളും കടുവയെ കണ്ടു. രണ്ടാഴ്ചക്കിടെ അഞ്ചാമത്തെ വളർത്തുമൃഗമാണ് പ്രദേശത്ത് കടുവയുടെ ആക്രമണത്തിനിരയാകുന്നത്.
ഇന്ന് പുലർച്ചെയാണ് കൂട്ടിൽ കെട്ടിയ പശുക്കിടാവിനെ കടുവ കൊന്നത്. ഇന്ന് രാവിലെ പാൽ കറക്കാനെത്തിയ വീട്ടുകാർ കൂട്ടിൽ നിന്ന് 200 മീറ്റർ മാറി പാതി ഭക്ഷിച്ച നിലയിൽ കിടാവിന്‍റെ ജഡം കണ്ടെത്തുകയായിരുന്നു. ഇന്ന് രാവിലെ പള്ളിയിൽ പോയവരും കടുവ റോഡ് മുറിച്ച് കടക്കുന്നത് കണ്ടു.
രണ്ടുമാസമായി മുള്ളൻകൊല്ലി മേഖലയിൽ കടുവാ സാന്നിധ്യമുണ്ട്. രണ്ടാഴ്ചക്കിടെ മാത്രം പ്രദേശത്ത് അഞ്ചാമത്തെ വളർത്തുമൃഗത്തെയാണ് കടുവ പിടിക്കുന്നത്. താന്നിത്തെരുവിൽ ശോശാമ്മ, വാഴയിൽ ഗ്രേറ്റർ, ആശ്രമക്കൊല്ലി ഐക്കരക്കുടിയില്‍ എല്‍ദോസ് എന്നിവരുടെ പശുക്കളെയും പാലമറ്റം സുനിലിന്‍റെ ആടിനെയും കഴിഞ്ഞ ദിവസങ്ങളിൽ കടുവ കൊന്നിരുന്നു.
കഴിഞ്ഞ ദിവസം പുൽപ്പള്ളിയിൽ വനം വകുപ്പുദ്യോഗസ്ഥരുടെ വാഹനം ആക്രമിച്ച നാട്ടുകാർ വാഹനത്തിൽ പശുക്കിടാവിന്‍റെ ജഡം കെട്ടിവെച്ച് പ്രതിഷേധിച്ചു. വനംവകുപ്പ് പ്രദേശത്ത് കടുവയ്ക്കായി കൂട് സ്ഥാപിച്ചിട്ടുണ്ടെങ്കിലും കടുവ കെണിയിലായിട്ടില്ല. മയക്കുവെടിവെച്ച് പിടികൂടാന്‍ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവ് ഇറക്കിയിരുന്നെങ്കിലും അതും ഫലം കണ്ടിട്ടില്ല.