തുഷാര്‍ വെള്ളാപ്പള്ളി ജയില്‍ മോചിതനായി

Jaihind Webdesk
Thursday, August 22, 2019

Thushar-Vellappally

ദുബായ്: ചെക്കുകേസില്‍ യു.എ.ഇയില്‍ അറസ്റ്റിലായ ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിക്കു ജാമ്യം. ജാമ്യത്തുകയായ പത്തു ലക്ഷം ദിര്‍ഹം കെട്ടിവച്ച് തുഷാര്‍ ജയില്‍ മോചിതനായി. ഇന്നലെ അറസ്റ്റിലായ തുഷാറിന്റെ മോചനത്തിനായി ലുലു ഗ്രൂപ്പ് മേധാവി എംഎ യൂസഫലി ഇടപെട്ടിരുന്നു. യൂസഫലിയാണ് തുഷാറിന് നിയമസഹായം ലഭ്യമാക്കിയത്. ഇന്നു പുറത്തിറങ്ങിയില്ലെങ്കില്‍ തുഷാര്‍ ഞായറാഴ്ച വരെ ജയിയില്‍ കഴിയേണ്ടിവരുമായിരുന്നു.

വെള്ളാപ്പള്ളി നടേശന്റെ അഭ്യര്‍ഥന പ്രകാരമാണ് എം.എ യൂസഫലി തുഷാറിന്റെ കേസില്‍ ഇടപെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. കേസില്‍ തുഷാര്‍ വെള്ളാപ്പള്ളിയെ മനപ്പൂര്‍വം കുടുക്കിയതാണെന്ന് വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു. തുഷാറിനെ കള്ളം പറഞ്ഞ് വിളിച്ചുവരുത്തി കുടുക്കുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഇടപാടാണ് ഇത്. കേസ് നിയമപരമായി നേരിടുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ബിസിനസ് പങ്കാളിക്ക് വണ്ടിച്ചെക്ക് നല്‍കി കബളിപ്പിച്ചെന്ന കേസില്‍ തുഷാര്‍ വെള്ളാപ്പള്ളി ഇന്നലെയാണ് യുഎഇയിലെ അജ്മാനില്‍ അറസ്റ്റിലായത്. അജ്മാനിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ചാണ് കഴിഞ്ഞരാത്രി തുഷാര്‍ വെള്ളാപ്പള്ളിയെ യുഎഇ പൊലീസ് അറസ്റ്റ് ചെയ്തത്. പത്തുവര്‍ഷം മുമ്പ് അജ്മാനില്‍ ബോയിംഗ് എന്ന പേരില്‍ നിര്‍മ്മാണ കമ്പനി നടത്തിയിരുന്ന കാലത്ത് ഉപകരാര്‍ ജോലികള്‍ ഏല്‍പിച്ച തൃശ്ശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയ്ക്ക് നല്‍കിയ വണ്ടിച്ചെക്ക് കേസിലാണ് നടപടി. പത്തുമില്യണ്‍ യുഎഇ ദിര്‍ഹത്തിന്റെ (പത്തൊമ്പതര കോടി രൂപ)യുടേതാണ് ചെക്ക്.