തൃശൂർ/കാസർഗോഡ്: തൃശൂരിലും കാസർഗോട്ടും മിന്നല്‍ചുഴലിയില്‍ വ്യാപക നാശനഷ്ടം. കനത്ത മഴയിലും കാറ്റിലും വന്‍ നാശനഷ്ടമുണ്ടായി. ചാലക്കുടിയിൽ മിന്നൽ ചുഴലിയിൽ മരങ്ങൾ കടപുഴകി. വൈദ്യുതി പോസ്റ്റുകൾ നിലം പൊത്തി. വീടുകൾക്കും കേടുപാട് സംഭവിച്ചു.
തൃശൂർ ചാലക്കുടി പുഴയുടെ രണ്ട് തീരങ്ങളിലാണ് കാറ്റ് ആഞ്ഞടിച്ചത്. പടിഞ്ഞാറേ ചാലക്കുടിയിലും മുരിങ്ങൂരും കാറ്റ് വീശി. ഇതേത്തുടര്‍ന്ന് പ്രദേശത്ത് വ്യാപക നാശനഷ്ടങ്ങളുണ്ടായി. ശക്തമായ കാറ്റിൽ നിരവധി വീടുകൾക്ക് നാശനഷ്ടമുണ്ടായി. കാറ്റില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണു. വൈദ്യുത പോസ്റ്റുകള്‍ ഒടിഞ്ഞു. ജില്ലയില്‍ കഴിഞ്ഞ രണ്ടു മാസത്തിനിടെ വീശുന്ന ആറാത്തെ ചുഴലിക്കാറ്റാണിത്. കഴിഞ്ഞ ദിവസം വരന്തരപ്പള്ളി, നന്തിപുലം, ആറ്റപ്പിള്ളി, കല്ലൂര്‍, മാഞ്ഞൂര്‍ മേഖലകളിൽ ചുഴലിക്കാറ്റുണ്ടായിരുന്നു.
ചാലക്കുടി താലൂക്ക് ആളൂർ വില്ലേജ് തിരുത്തിപറമ്പിൽ ഇന്ന് വെളുപ്പിനുണ്ടായ കാറ്റിൽ നാലു വീടുകളുടെ മുകളിലേക്ക് മരങ്ങൾ വീണു. ആളുകൾക്ക് പരിക്കില്ല. മേലൂർ വില്ലേജിൽ മേലൂർ ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ കുന്നു ചർക്കപ്പടി ദേശത്ത് കണ്ടത്തിൽ ആന്‍റണിയുടെ ഓടിട്ട വീടിനു മുകളിലേക്ക് കവുങ്ങ് വീണ് അയ്യായിരത്തോളം രൂപയുടെ നാശനഷ്ടങ്ങൾ സംഭവിച്ചു. ജില്ലയുടെ വിവിധയിടങ്ങളിൽ പുലർച്ചെ മുതൽ മഴ ശക്തമാണ്. കാസര്‍ഗോഡുണ്ടായ മിന്നല്‍ ചുഴലിയിലും വ്യാപക നാശനഷ്ടങ്ങള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.