തിരൂർ തുഞ്ചൻ പറമ്പില്‍ അറിവിന്‍റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍

Jaihind Webdesk
Friday, October 19, 2018

ആദ്യാക്ഷരമാധുര്യം നുകരാൻ  നിരവധി കുരുന്നുകളാണ്  മലപ്പുറം തിരൂർ തുഞ്ചൻ പറമ്പിലേക്കെത്തിയത്. തുഞ്ചൻ സ്മാരക മണ്ഡപത്തിലും, സരസ്വതി മണ്ഡപത്തിലുമായി നൂറുകണക്കിന് കുഞ്ഞുങ്ങളാണ് അറിവിന്‍റെ ആദ്യാക്ഷരം കുറിച്ചത്.

മലയാളഭാഷയുടെ പിതാവിൻറെ മണ്ണിലേക്കെത്തിയ കുഞ്ഞു മുഖങ്ങളിൽ ആശങ്കയും,ആകാംക്ഷയും മിന്നിമറഞ്ഞു. ചിലർ ചിരിച്ചെത്തി. ചിലരെത്തിയത് കലങ്ങിയ കണ്ണുകളോടെ.. ചില മുഖങ്ങളിലെ ഭാവം നിർവ്വികാരം.. വികാര സമ്പന്നമായിരുന്നു തിരൂർ തുഞ്ചൻ പറമ്പിൽ ആദ്യാക്ഷരം നുകരാനെത്തിയ കുഞ്ഞു മുഖങ്ങളിൽ.

അച്ഛനമ്മമാർക്കും ബന്ധുക്കൾക്കുമൊപ്പം അക്ഷരലോകത്തേക്കോടി കയറാനെത്തിയ കുഞ്ഞുങ്ങളെ ആചാര്യൻമാർ സ്നേഹത്തോടെ മടിയിലിരുത്തി. പുലർച്ചെ അഞ്ച് മണി മുതൽ ആരംഭിച്ച വിദ്യാരംഭത്തിന് നൂറുകണക്കിന് കുരുന്നുകളാണ് എത്തിയത്.

ഒമ്പതരയോടെ  തുഞ്ചൻ സ്മാരക ഓഡിറ്റോറിയത്തിൽ കവികളുടെ  വിദ്യാരംഭം നടന്നു.

പാരമ്പര്യ ആചാര്യന്മാർക്ക് പുറമെ സാഹിത്യകാരൻമാരായ കെ.പി രാമനുണ്ണി, ആലാങ്കോട് ലീലാകൃഷ്ണൻ, കാനേഷ് പുനൂരൂ, പി.കെ ഗോപി തുടങ്ങി ഒമ്പതോളം ഗുരുക്കൻമാർ ആദ്യാക്ഷരമെഴുതിച്ചു. എഴുത്താണി കൊണ്ട്  എം.ടി വാസുദേവൻ നായർ അക്ഷര മാധുര്യം പകർന്നു നൽകി.