തൃശൂര്‍ വോട്ടര്‍ പട്ടിക ക്രമക്കേടിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നു. അവിണിശ്ശേരി പഞ്ചായത്തില്‍ 17 വോട്ടര്‍മാരുടെ രക്ഷിതാവ് ബിജെപി നേതാവെന്നാണ് കണ്ടെത്തല്‍. 69ാം നമ്പര്‍ ബൂത്തിലെ 17 വോട്ടര്‍മാരുടെ രക്ഷകര്‍ത്താവിന്റെ പേരിന്റെ സ്ഥാനത്താണ് ബിജെപി പ്രാദേശിക നേതാവായ സി.വി അനില്‍കുമാറിന്റെ പേര് കണ്ടെത്തിയത്. 20 വയസ് മുതല്‍ 61 വയസുവരെയുള്ളവരുടെ വോട്ടുകളാണ് ഇത്തരത്തില്‍ ചേര്‍ത്തിട്ടുള്ളത്. സി.വി അനില്‍കുമാറിന്റെ സ്വന്തം വീട്ട് വിലാസത്തില്‍ ഭാര്യക്കടക്കം രണ്ട് വോട്ടുകളുണ്ട്. തറവാട്ട് വിലാസത്തില്‍ അമ്മയ്ക്ക് മാത്രമാണ് വോട്ടുള്ളത്. ഈ തറവാട്ടിലെ വിലാസത്തിലാണ് 17 പേരുടെ വോട്ടുകള്‍ ചേര്‍ത്തിരിക്കുന്നത്.
‘വോട്ട് കൊള്ള’ വെളിപ്പെടുത്തല്‍ രാഹുല്‍ ഗാന്ധി നടത്തിയതിനു പിന്നാലെയാണ് കേരളത്തില്‍ തൃശൂരിലും ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ് ആരോപണം ഉന്നയിച്ചത്. ദിനം പ്രതി കൂടുതല്‍ തെളിവുകളാണ് വിഷയത്തില്‍ പുറത്തു വരുന്നത്. തൃശൂര്‍ എംപിയും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപി തന്റെ സഹോദരനും ഭാര്യയും, ഡ്രൈവറും അടക്കമുള്ളവരെ തൃശൂരില്‍ വോട്ട് ചേര്‍ത്തുവെന്ന് കണ്ടെത്തലും കഴിഞ്ഞ ദിവസം നടത്തിയിരുന്നു.