തൃശൂർപൂരം : ഇത്തവണയും ചടങ്ങുകള്‍ മാത്രം ; പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല

Jaihind Webdesk
Monday, April 19, 2021


തിരുവനന്തപുരം : കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരം ഇത്തവണയും ആഘോഷങ്ങളിലാതെ നടത്തും. പൊതുജനങ്ങളെ  പ്രവശിപ്പിക്കാതെ  ചടങ്ങുകള്‍ മാത്രമായി പൂരം ഒതുങ്ങും.. ചീഫ് സെക്രട്ടറി വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് അന്തിമ തീരുമാനം എടുത്തത്. പൂരം നടത്താന്‍ മാനദണ്ഡങ്ങള്‍ കഴിഞ്ഞയാഴ്ച നിശ്ചയിച്ചിരുന്നെങ്കിലും സാഹചര്യം ഏറെ മാറിയ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.  ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.97 ശതമാനത്തിലേക്ക് ഉയര്‍ന്നതും പ്രതിദിന രോഗികളുടെ എണ്ണം ആയിരം കടന്നതും ഗൗരവമായി കണക്കിലെടുത്തിട്ടുണ്ട്.

തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളും പൂരം ആഘോഷമാക്കി നടത്തണമെന്ന് മുന്‍ നിലപാടില്‍ നിന്ന് അയവ് വരുത്തിയിരുന്നു. കര്‍ശന നിയന്ത്രണം വേണമെന്ന് പൊലീസ് അടക്കമുള്ളവര്‍ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് കഴിഞ്ഞ വര്‍ഷത്തേത് പോലെ ചടങ്ങുകള്‍ മാത്രമായി പൂരം നടത്താന്‍ തീരുമാനമെടുത്തത്. പ്രധാനവെടിക്കെട്ട് നിയന്ത്രണങ്ങളോടെ നടത്താം. ഘടകപൂരങ്ങള്‍, മഠത്തില്‍വരവ് എന്നിവയും നടത്താം. ഇലഞ്ഞിത്തറ മേളത്തിനും അനുമതിയുണ്ട്.