തൃശൂർ പൂരത്തിന് നാളെ കൊടിയേറും. തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടക ക്ഷേത്രങ്ങളിലും കൊടിയേറ്റം നടക്കും. മെയ് 10നാണ് പൂരം. എട്ടിനാണ് സാമ്പിൾ വെടിക്കെട്ട്.
പാറമേക്കാവ് ക്ഷേത്രത്തിലാണ് ആദ്യം കൊടിയേറുക.രാവിലെ 9നും 10.30ക്കും ഇടയിലുളള മുഹൂർത്തത്തിലാണ് കൊടിയേറ്റം. പാണികൊട്ടിനെ തുടര്‍ന്ന് പാരമ്പര്യഅവകാശികള്‍ ഭൂമി പൂജ നടത്തി കൊടിമരം നാട്ടും. പൂജിച്ച കൊടിക്കൂറ ദേശക്കാര്‍ കൊടിമരത്തിലുയര്‍ത്തും. ക്ഷേത്രത്തിന് മുമ്പിലെ പാലമരത്തിലും മണികണ്ഠനാലിലെ ദേശപന്തലിലും പാറമേക്കാവ് വിഭാഗം മഞ്ഞപ്പട്ടില്‍ സിംഹമുദ്രയുള്ള കൊടിക്കൂറ നാട്ടും.
തുടര്‍ന്നാണ് തിരുവമ്പാടിയില്‍ കൊടിയേറ്റ് നടക്കുക.10.30നും 10.55നും ഇടയിലാണ്തി രുവമ്പാടിയിൽ കൊടിയേറ്റം. പൂജിച്ച കൊടിക്കൂറ കൊടിമരത്തില്‍ ചാര്‍ത്തി, ദേശക്കാര്‍ ഉപചാരപൂര്‍വം കൊടിമരം നാട്ടി കൂറയുയര്‍ത്തും. നടുവിലാലിലെയും നായ്ക്കനാലിലേയും പന്തലുകളിലും തിരുവമ്പാടി വിഭാഗം കൊടിയുയര്‍ത്തും. പൂരത്തില്‍ പങ്കെടുക്കുന്ന 8 ഘടകക്ഷേത്രങ്ങളിലും ഇതോടൊപ്പം പൂരം കൊടിയേറും. പൂരലഹരിയിലാണ് തൃശൂരും തട്ടക ദേശങ്ങളും.