ഒടുവില്‍ വെടിക്കെട്ടിന് തിരി കൊളുത്തി; പൂരം വെടിക്കെട്ട് നടന്നത് ഉച്ചയ്ക്ക് 2.10 ന്

Jaihind Webdesk
Friday, May 20, 2022

തൃശൂർ: ഒടുവിൽ തൃശൂർ പൂരം വെടിക്കെട്ട് നടന്നു. ഇന്ന് ഉച്ചകഴിഞ്ഞ് 2.10നാണ് വെടിക്കെട്ടിന് തിരികൊളുത്തിയത്. പൂരപ്രേമികളുടെ പ്രതീക്ഷകളുടെ ആസ്വാദന രസച്ചരടിനെ പൊട്ടിച്ചുകൊണ്ട് വില്ലനായെത്തിയ മഴയെ തുടർന്ന് മൂന്ന് തവണയാണ് തൃശൂർ പൂരം വെടിക്കെട്ട് ചരിത്രത്തിലാദ്യമായി മാറ്റിവെച്ചത്.

പൂരം കഴിഞ്ഞ് 10 ദിവസങ്ങൾ പിന്നിട്ടിട്ടും വെടിക്കെട്ട് നടത്താൻ കഴിയാത്തത് ഏറെ ആശങ്ക സൃഷ്ടിച്ചിരുന്നു. വെടിക്കെട്ട് ആയി നടത്താൻ കഴിഞ്ഞില്ലെങ്കിൽ വെടിക്കോപ്പുകൾ കത്തിച്ചു നശിപ്പിക്കേണ്ടി വരുമെന്ന പെസോയുടെ തീരുമാനവും മാഗസിനുകൾ സൂക്ഷിക്കുന്നതിലെ അപകടവും ആശങ്കകൾ സൃഷ്ടിച്ചിരുന്നു. ഇതിനെല്ലാം വിരമാമിട്ടാണ് കാലാവസ്ഥാ അനുകൂലമായ ദിവസം കണക്കാക്കി ഇന്ന് വെടിക്കെട്ട് നടത്തിയത്. ഉച്ചക്ക് 2.10 ന് തേക്കിന്‍ക്കാട് മൈതാനിയിൽ പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങൾ വെടിക്കെട്ടിന് തീകൊളുത്തി. ഇതോടെ സ്വരാജ് റൗണ്ടും പരിസരവും ശബ്ദ മുഖരിതമായി.

പെസോയുടെ നിർദ്ദേശപ്രകാരം റൗണ്ടിലേക്ക് ആളുകളെ പ്രവേശിപ്പിക്കാതെയാണ് വെടിക്കെട്ട് നടത്തിയത്. തൃശൂർ പൂരത്തിന്‌ പിറ്റേന്ന് പുലർച്ചെ 3 മണിക്ക് നടത്തേണ്ടിയിരുന്ന വെടിക്കെട്ട് അങ്ങനെ പകൽ വെടിക്കെട്ടായി മാറി.