ആഘോഷങ്ങളില്ല, ചടങ്ങുകൾ മാത്രമായി ഇന്ന് തൃശൂർ പൂരം

Jaihind News Bureau
Saturday, May 2, 2020

തൃശൂര്‍:  ആഘോഷങ്ങൾ ഇല്ലാതെ ചടങ്ങുകള്‍ മാത്രമായി ഇന്ന് തൃശൂർ പൂരം. കൊവിഡ് പ്രതിരോധ നിയന്ത്രണങ്ങൾ നില നിൽക്കുന്നതിനാൽ 5 പേർ മാത്രം പങ്കെടുത്താണ് ചടങ്ങുകൾ നടത്തുന്നത്. പ്രധാന പങ്കാളികളായ പാറമേക്കാവ്- തിരുവമ്പാടി ക്ഷേത്രങ്ങളിൽ പുലർച്ചെ 5 പേർ മാത്രം അകത്ത് പ്രവേശിച്ച് ചടങ്ങുകൾ നടത്തി. എട്ട് ഘടക ക്ഷേത്രങ്ങളിൽ പ്രത്യേക ചടങ്ങുകൾ ഒന്നും ഉണ്ടായില്ല.

പാറമേക്കാവിലും തിരുവമ്പാടിയിലും രാവിലെ ശ്രീഭൂത ബലി നടന്നു. രണ്ടിടത്തും രാവിലെ 9 മണിയോടെ എല്ലാ പൂജകളും പൂർത്തിയാക്കി നട അടച്ചു. തിരുവമ്പാടി വൈകീട്ട് നടുവിൽ മഠത്തിൽ പോയി ആറാട്ട് നടത്തും. തിടമ്പ് കയ്യിൽ എടുത്താകും കൊണ്ടു പോവുക. തിരിച്ചെത്തിയാൽ ഉടൻ കൊടിയിറക്കും. പാറമേക്കാവിൽ ക്ഷേത്രത്തിന് അകത്ത് മാത്രമാകും ചടങ്ങുകൾ. നാളെ ക്ഷേത്ര കുളത്തിൽ തന്നെ ആറാട്ടും നടത്തും. എന്നാൽ ഉപചാരം ചൊല്ലി പിരിയൽ ഉണ്ടാകില്ല.