കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം ; കർശന നിബന്ധനകളോടെ പൂരം നടത്താൻ തീരുമാനം

Jaihind Webdesk
Tuesday, April 13, 2021

 

തൃശൂർ : കർശനമായ കൊവിഡ് നിബന്ധനകളോടെ തൃശൂർ പൂരം നടത്താൻ തീരുമാനം. പൂരത്തിന് വരുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. 45 വയസിന് മുകളിലുള്ളവർ വാക്സിനേഷൻ നടത്തിയിരിക്കണമെന്നും നിർദ്ദേശമുണ്ട്. ദേവസ്വം ഭാരവാഹികളുമായി സർക്കാർ പ്രതിനിധികൾ നടത്തിയ ഉന്നതതല ചർച്ചയിലാണ് തീരുമാനം.

തൃശൂർ പൂരത്തിന്‍റെ ചടങ്ങുകൾ മാറ്റമില്ലാതെ നടക്കും. എന്നാൽ കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് ആൾക്കൂട്ട നിയന്ത്രണത്തിന് കർശന നിർദേശങ്ങൾ നൽകിയത്. തൃശൂർ നഗരത്തിലേക്കുള്ള പ്രവേശന കവാടങ്ങളിൽ പൊലീസിന്‍റേയും ആരോഗ്യ വകുപ്പ് അധികൃതരുടെയും ചെക്പോസ്റ്റുകളുണ്ടാകും. 45 വയസിന് മുകളിലുള്ളവർ വാക്സിനേഷൻ നടത്തി എന്ന സാക്ഷ്യപത്രം ഹാജരാക്കണം. 45 വയസിൽ താഴെ ഉള്ളവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. പത്ത് വയസിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. ഉന്നത തല യോഗത്തിലെ ഈ നിർദേശങ്ങൾ ദേവസ്വങ്ങൾ അംഗീകരിച്ചു.

പൂരത്തിന്‍റെ എല്ലാ ആചാരങ്ങളും ചടങ്ങുകളും മുടക്കമില്ലാതെ നടത്തും. ആനകളുടെ എണ്ണത്തിൽ കുറവുണ്ടാകില്ല. വെടിക്കെട്ടും കുടമാറ്റവും എല്ലാം പ്രൗഡി ചോരാതെ നടത്തുമെന്നും ദേവസ്വങ്ങൾ അറിയിച്ചു. എന്തായാലും തൃശൂർ പൂരത്തിലെ ആൾക്കൂട്ട നിയന്ത്രണം സംബന്ധിച്ച് ഏറെ നാളായി ഉയർന്ന തർക്കങ്ങൾക്കാണ് ഇതോടെ പരിഹാരമായത്.