കൊവിഡ് 19 ന്റെ പശ്ചാതലത്തിൽ ഇത്തവണത്തെ തൃശൂർ പൂരവും അനുബന്ധ പരിപാടികളും പൂർണമായി ഉപേക്ഷിച്ചു. ക്ഷേത്ര മതിൽക്കെട്ടിനകത്ത് അഞ്ച് പേർ മാത്രം പങ്കെടുക്കുന്ന പൂജാദി കർമങ്ങൾ മാത്രം നടത്താനും തീരുമാനമായി. തൃശൂരിൽ ചേർന്ന ഉന്നത തല യോഗത്തിലാണ് തീരുമാനം. മന്ത്രിമാരായ സി.രവീന്ദ്രനാഥ്, വി.എസ് സുനിൽ കുമാർ, എം പി ടി.എൻ പ്രതാപൻ എന്നിവർ ദേവസ്വം പ്രതിനിധികളുമായി ചർച്ച നടത്തിയാണ് തീരുമാനം പ്രഖ്യാപിച്ചത്. മറ്റെല്ലാ പൊതുവായ ചടങ്ങുകളും വേണ്ടെന്നു വെച്ച് പൂരം നടപടികൾ നിർത്തിവെക്കുന്നത് ചരിത്രത്തിൽ ആദ്യമാണ്.
തൃശൂർ പൂരത്തിന്റെ ചടങ്ങുകളിൽ പലതും ക്ഷേത്രങ്ങൾക്ക് പുറത്ത് വെച്ച് നടക്കുന്നതാണ്. അതുകൊണ്ട് ആളുകൾ കൂടാൻ സാധ്യതയുള്ളതിനാൽ എല്ലാ പരിപാടികളും ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. പ്രധാന പങ്കാളികളായ പാറമേക്കാവ്- തിരുവമ്പാടി ദേവസ്വങ്ങൾ തീരുമാനത്തോട് പൂർണമായി യോജിച്ചു.
ഇതിന് മുൻപ് 1930, 48, 62, 64 വർഷങ്ങളിലാണ് ചടങ്ങ് മാത്രമായി തൃശൂർ പൂരം നടത്തിയത്. അന്ന് പക്ഷേ ഒരാന എഴുന്നള്ളിപ്പിനുണ്ടായിരുന്നു.