തൃശ്ശൂര്‍ പൂരം; പ്രതിസന്ധിക്കൊടുവില്‍ വെടിക്കെട്ട് പൂര്‍ത്തിയായി, നിരാശയില്‍ പൂരപ്രേമികള്‍

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരം പ്രതിസന്ധിക്കൊടുവില്‍ വെടിക്കെട്ട് പൂര്‍ത്തിയായി. പാറമേക്കാവ് വിഭാഗത്തിന്‍റെ വെടിക്കെട്ട് കഴിഞ്ഞ് അരമണിക്കൂറിന് ശേഷം തിരുവമ്പാടിയുടെ വെടിക്കെട്ട് നടന്നു. എന്നാല്‍ രാവിലെ വെടിക്കെട്ട് നടത്തിയതിനാല്‍ പൂരപ്രേമികള്‍ നിരാശയിലാണ്. പുലര്‍ച്ചെ മൂന്നരയോടെ നടക്കേണ്ടിയിരുന്ന വെടിക്കെട്ടാണ് മണിക്കൂറുകള്‍ വൈകിയത്.

പോലീസുമായുള്ള തർക്കത്തെ തുടർന്ന് തിരുവമ്പാടി ദേവസ്വം പൂരം നിർത്തി വയ്ക്കുകയായിരുന്നു. വെടിക്കെട്ട് നടക്കുന്ന സ്ഥലത്ത് നിയന്ത്രണം ഏർപ്പെടുത്തിയതാണ് അസാധാരണ പ്രതിസന്ധിക്ക് പൂരനഗരി സാക്ഷ്യം വഹിച്ചത്. തിരുവമ്പാടി ദേവസ്വം നിലപാട് കടുപ്പിച്ചതോടെയാണ് മൂന്നരയ്ക്ക് നിശ്ചയിച്ച പൂരം വെടിക്കെട്ട് മുടങ്ങിയത്. മഠത്തിൽ വരവ് പാതിയിൽ നിർത്തിവച്ചു.

അലങ്കാര പന്തലിലെ ലൈറ്റ് ഉൾപ്പെടെ അണച്ചായിരുന്നു തിരുവമ്പാടിയുടെ പ്രതിഷേധം. പൂര പറമ്പിൽ പോലീസ് രാജെന്ന് ദേശക്കാർ ആരോപിച്ചു. വെടിക്കെട്ട് വൈകുന്നതിൽ പൂരപ്രേമികളും പ്രതിഷേധത്തിലാണ്. സ്വരാജ് റൗണ്ടിലേക്ക് ഉള്ള എല്ലാ വഴികളും അടച്ച് ആളുകളെ തടഞ്ഞു എന്നും തിരുവമ്പാടി ആരോപിച്ചു. തുടർന്ന് ജില്ലാ ഭരണകൂടം ഇരുവിഭാഗങ്ങളുമായി ചർച്ച നടത്തിയതോടെ വെടിക്കെട്ടിലെ പ്രതിസന്ധി നീങ്ങുകയായിരുന്നു.

 

Comments (0)
Add Comment