ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞു ; തൃശൂർ പൂരത്തിന് പരിസമാപ്തി

Jaihind Webdesk
Saturday, April 24, 2021

തൃശൂർ : തിരുവമ്പാടി- പാറമേക്കാവ് ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞതോടെ തൃശൂർ പൂരത്തിന് സമാപനമായി. അതേസമയം പൂരത്തിനിടെ മരം വീണ് അപകടമുണ്ടായ പശ്ചാത്തലത്തിൽ പ്രധാന വെടിക്കെട്ട് ഉപേക്ഷിച്ചിരുന്നു. എന്നാൽ കരിമരുന്ന് സാമഗ്രികൾ പൊട്ടിച്ച് നിർവീര്യമാക്കി

പകൽ പൂരം ചടങ്ങ് മാത്രമായാണ് നടന്നത്. തിരുവമ്പാടിയും പാറമേക്കാവും ഒരാനപ്പുറത്ത് വടക്കുംനാഥ സന്നിധിയിലേക്ക് എഴുന്നള്ളി. തുടർന്ന് ശ്രീമൂല സ്ഥാനത്ത് ഭഗവതിമാരുടെ സംഗമം. തിടമ്പേറ്റിയ ഗജ വീരൻമാർ മുഖാമുഖം നിന്ന് തുമ്പിക്കൈ ഉയർത്തി അഭിവാദ്യം ചെയ്തു. അടുത്ത മേടമാസത്തിലെ പൂരത്തിന് കാണാം എന്ന വാക്കു നൽകി ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞു. ഇതോടെ തൃശൂർ പൂരത്തിന്‍റെ 36 മണിക്കൂർ നീണ്ടുനിന്ന ചടങ്ങുകൾക്ക് സമാപനമായി.

പൂരത്തിനിടെ പുലർച്ചെയുള്ള ആഘോഷപരമായ വെടിക്കെട്ടിൽ നിന്ന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ പിന്മാറിയിരുന്നു. അതേസമയം വെടിക്കെട്ടിന് വേണ്ടി ഇന്നലെ വൈകുന്നേരത്തോടെ കരിമരുന്നുകൾ നിറച്ചുകഴിഞ്ഞതിനാൽ അവ പൊട്ടിച്ച് നിർവീര്യമാക്കി. ഫലത്തിൽ അത് വെടിക്കെട്ട് തന്നെയായി.ആദ്യം തിരുവമ്പാടിയും പിന്നീട് പാറമേക്കാവും വെടിക്കെട്ട് സാമഗ്രികൾക്ക് തിരികൊളുത്തി. അതിന് മുമ്പ് ദേശക്കാരെ എല്ലാം പോലീസ് ഒഴിവാക്കിയിരുന്നു.

ആൽമര കൊമ്പ് കടപുഴകി വീണാണ് രണ്ടുപേർ മരിച്ചത്. തിരുവമ്പാടി ആഘോഷ കമ്മിറ്റി അംഗം രമേഷ്, പൂരം എക്സിബിഷൻ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി രാധാകൃഷ്ണ മേനോൻ എന്നിവരാണ് മരിച്ചത്. 27 പേർക്ക് അപകടത്തില്‍ പരിക്കുണ്ട്. രാത്രി തിരുവമ്പാടിയുടെ എഴുന്നള്ളത്തിന് മുന്നോടിയായി ബ്രഹ്മസ്വം മഠത്തിന് മുന്നിൽ പഞ്ചവാദ്യം നടക്കുന്നതിനിടെയാണ് സംഭവം. പകൽ പൂരത്തിന്‍റെ ആവർത്തനമായി രാത്രിയും മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കാറുണ്ട്. കൂറ്റൻ ആൽമര ചുവട്ടിൽ മേളം കൊട്ടുന്നതിനിടെ കൊമ്പ് അടർന്നു വീഴുകയായിരുന്നു. പ്രത്യേകിച്ച് കാറ്റോ മഴയോ ഒന്നും ഉണ്ടായിരുന്നില്ല. വർഷങ്ങളുടെ പഴക്കമുള്ള ആൽ മരത്തിന്‍റെ കൊമ്പ് വാദ്യകാർക്കിടയിലാണ് പതിച്ചത്. ദേശക്കാർ അടക്കം നാൽപ്പതിന് അടുത്ത് ആളുകൾ അവിടെയുണ്ടായിരുന്നു.

വാദ്യം മുറുകി നിൽക്കുന്ന സമയമായതിനാൽ കൊമ്പ് അടർന്നു വീഴുന്ന ശബ്ദം കേൾക്കാനായില്ല. ഓടി മാറാൻ കഴിയും മുമ്പ് പലരും മരത്തിനടിയിൽ പെട്ടു. മേളപ്രമാണി കോങ്ങാട് മധു അടക്കം വാദ്യക്കാർ എല്ലാം മരച്ചില്ലകൾക്ക് അടിയിലായി. അദ്ദേഹത്തിന് കാര്യമായ പരിക്കില്ല. എഴുന്നള്ളിപ്പിനായി കൊണ്ടു വന്ന അർജുനൻ എന്ന ആന ഓടി മാറി. വിവരമറിഞ്ഞ് പാഞ്ഞെത്തിയ ഫയർഫോഴ്സ് മരചില്ലകൾ മുറിച്ച് മാറ്റിയാണ് പലരേയും പുറത്തെടുത്തത്. പരിക്കേറ്റവരെ ആദ്യം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സാരമായി പരിക്കേറ്റവരെ പിന്നീട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.