‘ചേലക്കരയില്‍ തൃശൂര്‍ പ്ലാന്‍ നടക്കില്ല, ജനങ്ങള്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കും’; പൂരം കലക്കുന്നത് ആചാരങ്ങൾ ഇല്ലാതാക്കാനുള്ള ശ്രമമെന്ന് രമ്യ ഹരിദാസ്

 

ചേലക്കര: പൂരവും വെടിക്കെട്ടുമെല്ലാം ആചാരങ്ങളുടെയും  അനുഷ്ഠാനങ്ങളുടെയും ഭാഗമാണെന്ന് ചേലക്കര ഉപതിരഞ്ഞെടുപ്പ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്. എന്നാല്‍ പലരും അത്   ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണോയെന്ന് സംശയിക്കേണ്ടി വരുമെന്നും രമ്യ പറഞ്ഞു.  അതേസമയം ചേലക്കരയിലെ ജനങ്ങള്‍ ഐക്യജനാധിപത്യമുന്നണിക്ക് നല്കിവരുന്ന വലിയൊരു പിന്തുണയുണ്ടെന്നും ആ പിന്തുണ ഈ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നതില്‍ യാതൊരു സംശയവും വേണ്ടെന്നും രമ്യ ഹരിദാസ് പറഞ്ഞു. ചേലക്കരയില്‍ തൃശൂര്‍ പ്ലാന്‍ നടക്കില്ലെന്നും ജനങ്ങള്‍ മതേതരത്വവും പൈതൃകവും കാത്തുസൂക്ഷിക്കാന്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്നും രമ്യ ഹരിദാസ് കൂട്ടിച്ചേര്‍ത്തു.

പൂരങ്ങളെയും വേലകളെയുമൊക്കെ സ്‌നേഹിക്കുന്ന ആളുകളാണ് ചേലക്കരക്കാര്‍. ഞാനുമൊരു വിശ്വാസിയാണ്. ആചാരങ്ങളെ മുറുകെപ്പിടിച്ചുകൊണ്ട് മുന്നോട്ടുപോകണമെന്ന് വിശ്വസിക്കുന്ന എത്രയോ ആളുകള്‍ ഇന്നും നമ്മളോടൊപ്പമുണ്ട്. പൂരം അലങ്കോലമാക്കുന്നത് പൂരം ജീവിത ഭാഗമാക്കിയവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കില്ല. അത് വലിയ വിഷമമാണ്. പൂരം തകരുമ്പോള്‍ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണോ എന്ന് പോലും ചിന്തിക്കേണ്ട സാഹചര്യമാണുള്ളതെന്നും രമ്യ പറഞ്ഞു.

ചേലക്കരയിലെ അന്തിമഹാകാളന്‍ പൂരത്തിനും വായാലിക്കാവ് പൂരത്തിനും രണ്ട് വര്‍ഷമായി വെടിക്കെട്ട് നടക്കുന്നില്ല. വായാലിക്കാവില്‍ അനുമതി ലഭിച്ചിട്ടും വെടിക്കെട്ട് നടത്താന്‍ സാധിച്ചില്ല. ഈ അനുഷ്ഠാനങ്ങളെയെല്ലാം ഇല്ലായ്മ ചെയ്യാനുള്ള ശ്രമം ഏതോ ഭാഗത്ത് നിന്നുണ്ടോയെന്നത് സ്വാഭാവികമായും എല്ലാവരും ചിന്തിക്കും. ചിലയിടങ്ങളില്‍ മാത്രം ഇവ ഇല്ലായ്മ ചെയ്യാന്‍ വേണ്ടിയുള്ള ശ്രമത്തില്‍ ജനങ്ങള്‍ക്ക് ദുരൂഹതയുണ്ടെന്നും  രമ്യ പറഞ്ഞു. ചേലക്കരയിലെ അന്തിമഹാകാളന്‍ കാവിലെയും വായാലിക്കാവിലെയും വെടിക്കെട്ട് നടക്കാത്തതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു രമ്യ.

 

Comments (0)
Add Comment