SURESH GOPI| തൃശൂര്‍ ക്രമക്കേട്: സുരേഷ് ഗോപിയുടെ സഹോദരന് ഇരട്ടവോട്ട്; കൊല്ലത്തും തൃശൂരും വോട്ടെന്ന് കണ്ടെത്തല്‍

Jaihind News Bureau
Tuesday, August 12, 2025

തൃശ്ശൂരിലെ വോട്ട് ക്രമക്കേടുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരികയാണ്. നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ സഹോദരനും ഇരട്ടവോട്ട് ഉണ്ടെന്ന വിവരമാണ് പുറത്തു വരുന്നത്. സുരേഷ് ഗോപിയുടെ സഹോദരന്‍ സുഭാഷ് ഗോപിയുടെ പേര് തൃശൂരിലെയും കൊല്ലത്തെയും വോട്ടര്‍ പട്ടികയില്‍ ഉണ്ടെന്നാണ് കണ്ടെത്തല്‍. കൊല്ലത്തെ കുടുംബവീടായ ലക്ഷ്മി നിവാസ് മേല്‍വിലാസത്തിലാണ് സഹോദരന്‍ സുഭാഷ് ഗോപിയ്ക്ക് വോട്ടുള്ളത്. ഇരവിപുരം മണ്ഡലത്തിലെ 84 ആം നമ്പര്‍ ബൂത്തിലാണ് വോട്ടുള്ളത്. എന്നാല്‍ കൊല്ലത്ത് വോട്ട് ചെയ്‌തോ എന്ന കാര്യത്തില്‍ സ്ഥിരീകരണം ലഭിച്ചിട്ടില്ല.

കേന്ദ്ര തലത്തില്‍ മാത്രമല്ല, കേരളത്തിലും വോട്ട് ക്രമക്കേടില്‍ ബിജെപിക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവരുകയാണ്. ആലത്തൂര്‍ മണ്ഡലത്തിന്റെ ഭാഗമായ വേലൂര്‍ പഞ്ചായത്തില്‍ ബിജെപി ടിക്കറ്റില്‍ മത്സരിച്ച ഹരിദാസനും സുരേഷ് ഗോപിയുടെ ഡ്രൈവറായിരുന്ന അജയകുമാറും പൂങ്കുന്നത്ത ക്യാപ്പിറ്റല്‍ വില്ലേജ് ഫ്‌ലാറ്റില്‍ ചേര്‍ക്കപ്പെട്ടു എന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. അതിനിടെ, മലപ്പുറം സ്വദേശിയായ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ വി ഉണ്ണികൃഷ്ണന്‍ തൃശ്ശൂരില്‍ വോട്ട് ചെയ്തു എന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ രംഗത്തെത്തിയിരുന്നു. എഫ്ബി പോസ്റ്റിലൂടെയാണ് അദ്ദേഹം ആരോപണം നടത്തിയത്. ഒന്നര കൊല്ലമായി തൃശ്ശൂരില്‍ താമസിച്ച സംഘടന ചുമതല നിര്‍വഹിക്കുന്നത് കൊണ്ടാണ് തൃശ്ശൂരിലെ പട്ടികയില്‍ വോട്ട് ചേര്‍ത്തതെന്ന് ഉണ്ണികൃഷ്ണന്‍ പ്രതികരിച്ചു. അതിനിടെ ധാര്‍മികതയുണ്ടെങ്കില്‍ സുരേഷ് ഗോപി രാജി വയ്ക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ ആവശ്യപ്പെട്ടിരുന്നു.