Thrissur| ‘പിണറായിയും ബിജെപിയും തമ്മില്‍ അന്തര്‍ധാര’; കൊടിക്കുന്നില്‍ സുരേഷ് എംപി നയിക്കുന്ന വിശ്വാസ സംരക്ഷണ യാത്ര തൃശൂരില്‍ സമാപിച്ചു

Jaihind News Bureau
Thursday, October 16, 2025

തൃശൂര്‍: കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം കൊടിക്കുന്നില്‍ സുരേഷ് എംപി നയിക്കുന്ന വിശ്വാസ സംരക്ഷണ യാത്ര തൃശൂര്‍ ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി. ജില്ലയിലെ യാത്രയുടെ സമാപനം തൃശൂര്‍ നഗരത്തിലായിരുന്നു. വന്‍ ജനാവലിയാണ് വിശ്വാസ സംരക്ഷണ യാത്രയെ സ്വീകരിക്കാന്‍ തൃശൂരിലെത്തിയത്.

യാത്രാനായകന്‍ കൊടിക്കുന്നില്‍ സുരേഷ് എംപി സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനമുയര്‍ത്തി. ശബരിമലയുടെ പേരില്‍ സര്‍ക്കാര്‍ ധൂര്‍ത്ത് നടത്തുകയാണെന്നും, തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞ ഒന്‍പത് വര്‍ഷമായി സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൊണ്ടുവന്ന ശബരിമല മാസ്റ്റര്‍പ്ലാന്‍ പിണറായി സര്‍ക്കാര്‍ അട്ടിമറിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യാത്രയുടെ വൈസ് ക്യാപ്റ്റന്‍ ടി എന്‍ പ്രതാപന്‍ എംപി മുഖ്യമന്ത്രിയെയും കൂട്ടരെയും ‘അമ്പലംവിഴുങ്ങികള്‍’ എന്ന് വിശേഷിപ്പിച്ചു. കൂടാതെ, പിണറായിയും ബിജെപിയും തമ്മില്‍ ‘അന്തര്‍ധാര സജീവമാണെന്നും’ അദ്ദേഹം ആരോപിച്ചു.

ഇന്നലെ രാവിലെ ചേലക്കരയില്‍ നിന്നാരംഭിച്ച വിശ്വാസ സംരക്ഷണ യാത്ര എ ഐ സി സി സെക്രട്ടറി പി വി മോഹനന്‍ ഉദ്ഘാടനം ചെയ്തു. ‘ആലിബാബയും 41 കള്ളന്‍മാരുമാണ്’ കേരളം ഭരിക്കുന്നതെന്ന് പി വി മോഹനന്‍ പറഞ്ഞു.

ഗുരുവായൂരിലെ പൊതുസമ്മേളനം കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി ഉദ്ഘാടനം ചെയ്തു. ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള വിശ്വാസികളുടെ മനസ്സിന് മുറിവേല്‍പ്പിച്ചുവെന്നും, ധാര്‍മികതയുടെ പേരില്‍ മന്ത്രി വി എന്‍ വാസവന്‍ രാജിവെക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ആറ് മാസത്തിനകം കേരള ജനത പിണറായി വിജയന് മറുപടി നല്‍കുമെന്നും ദീപാ ദാസ് മുന്‍ഷി കൂട്ടിച്ചേര്‍ത്തു.

വിവിധ യോഗങ്ങളില്‍ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് അധ്യക്ഷത വഹിച്ചു. സനീഷ് കുമാര്‍ ജോസഫ് എംഎല്‍എ, യൂത്ത് കോണ്‍ഗ്രസ് നിയുക്ത പ്രസിഡന്റ് ഒ ജെ ജനിഷ്, വര്‍ക്കിംഗ് പ്രസിഡന്റ് ബിനു ചുള്ളിയല്‍ തുടങ്ങിയവരും സംസാരിച്ചു.