K Muraleedharan| തൃശ്ശൂരിലെ വ്യാജ വോട്ട് വിവാദം: ‘പരാതി നല്‍കുന്നവരെ ‘വാനരന്മാര്‍’ എന്ന് വിശേഷിപ്പിക്കുന്നത് കേരള രാഷ്ട്രീയത്തിന് യോജിച്ചതല്ല’; സുരേഷ് ഗോപി മറുപടി പറയണമെന്ന് കെ. മുരളീധരന്‍

Jaihind News Bureau
Monday, August 18, 2025

തൃശ്ശൂരിലെ വ്യാജ വോട്ട് വിവാദത്തില്‍ ബി.ജെ.പി. നേതാവ് സുരേഷ് ഗോപി എം പി മറുപടി പറയണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ ആവശ്യപ്പെട്ടു. സുരേഷ് ഗോപിയുടെ സഹോദരന് ഇരട്ട വോട്ടുള്ളത് ക്രിമിനല്‍ കുറ്റമാണെന്നും ഈ വിഷയത്തില്‍ അദ്ദേഹം വ്യക്തമായ നിലപാട് എടുക്കണമെന്നും മുരളീധരന്‍ പറഞ്ഞു.

കൂടാതെ, വോട്ട് വിഷയത്തില്‍ പരാതി നല്‍കുന്നവരെ ‘വാനരന്മാര്‍’ എന്ന് വിശേഷിപ്പിക്കുന്നത് കേരള രാഷ്ട്രീയത്തിന് യോജിച്ചതല്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. ജനങ്ങളെയാണ് അങ്ങനെ വിളിച്ചതെങ്കില്‍ ജനം തക്കതായ മറുപടി നല്‍കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഈ വിഷയത്തില്‍ കോണ്‍ഗ്രസ് നിയമപരമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താ സമ്മേളനം ജെ.പി. നദ്ദയും അമിത് ഷായും ആഗ്രഹിച്ചതു പോലെയാണ് നടന്നതെന്നുംെ കെ. മുരളീധരന്‍ വിമര്‍ശിച്ചു. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിനോട് കമ്മീഷന്‍ മാപ്പ് പറയാന്‍ ആവശ്യപ്പെടുന്നില്ലെന്നും അദ്ദേഹം പരിഹസിച്ചു.

അതേ സമയം സപിഎമ്മിനെ പ്രതിരോധത്തിലാക്കിയ കത്ത് വിവാദത്തില്‍ അന്വേഷണം വേണമെന്ന് കെ. മുരളീധരന്‍ വ്യക്തമാക്കി. വികസനത്തിന് കമ്മീഷന്‍ എന്ന നയമാണ് ഈ സര്‍ക്കാരിനുള്ളതെന്ന് അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിക്ക് ലഭിച്ച പരാതി ചോര്‍ന്നതുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ് പ്രതികരിക്കണം. കൂടാതെ, ഈ വിഷയത്തില്‍ മുഖ്യമന്ത്രി നിയമനടപടി സ്വീകരിക്കാന്‍ തയ്യാറാകണം. മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ഉണ്ടായിരുന്നെങ്കില്‍ ഈ വിഷയത്തില്‍ കുരിശുയുദ്ധം നടത്തിയേനെ എന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.