തൃശൂര്‍: തൃശൂര്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസില്‍ നെഗറ്റീവ് എനര്‍ജി പുറന്തള്ളാന്‍ പ്രാര്‍ത്ഥന നടത്തിയ സംഭവത്തില്‍ തൃശൂര്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ക്ക് സസ്പന്ഷന്. ശിശു സംരക്ഷണ ഓഫീസര്‍ കെ.എ. ബിന്ദുവിനെയാണ് സസ്പെന്‍ഡ് ചെയ്തത്. സെപ്റ്റംബര്‍ 29 നായിരുന്നു സംഭവം നടന്നത്. വകുപ്പുതല അന്വേഷണത്തിന് പിന്നാലെയാണ് നടപടി.
തൃശൂര്‍ കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ശിശു സംരക്ഷണ ഓഫീസിലാണ് നെഗറ്റീവ് എനര്‍ജി പുറന്തള്ളാന്‍ പ്രാര്‍ത്ഥന നടത്തിയത്. ജില്ലാ ശിശു സംരക്ഷണ ഓഫീസറുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു പ്രാര്‍ത്ഥന. ഓഫീസ് സമയം തീരുന്നതിന് മുമ്പായിരുന്നു ജില്ലാ ശിശു സംരക്ഷണ ഓഫീസറുടെ നേതൃത്വത്തില്‍ നെഗറ്റീവ് എനര്‍ജി ഒഴിപ്പിക്കാന്‍ പ്രാര്‍ത്ഥന നടന്നത്. ഓഫീസിലുണ്ടായിരുന്ന വൈദിക വിദ്യാര്‍ത്ഥിയുടെ നേതൃത്വത്തിലാണ് പ്രാര്‍ത്ഥന നടന്നത്.
അഞ്ച് മിനിട്ടുകൊണ്ട് പ്രാര്‍ത്ഥന അവസാനിച്ചെങ്കിലും ഓഫീസില്‍ നിന്ന് കരാര്‍ ജീവനക്കാര്‍ വിട്ടു പോകാന്‍ തുടങ്ങിയതോടെയാണ് പ്രാര്‍ത്ഥന ഫലിക്കുകയാണോ എന്ന് കളിയാക്കല്‍ വന്ന് തുടങ്ങിയത്. ഇതോടെയാണ് ഓഫീസിലെ ഏഴുപേര്‍ മാത്രം അറിഞ്ഞ രഹസ്യ പ്രാര്‍ത്ഥനയുടെ വിവരം പുറം ലോകം അറിയുന്നത്. മാനസിക സംഘര്‍ഷം മാറാന്‍ പ്രാര്‍ത്ഥന നല്ലതാണെന്ന് സഹപ്രവര്‍ത്തകനായ വൈദിക വിദ്യാര്‍ത്ഥി പറഞ്ഞപ്പോള്‍ സമ്മതിച്ചതാണെന്നായിരുന്നു ശിശു സംരക്ഷണ ഓഫീസര്‍ പ്രതികരിച്ചത്.