മന്ത്രി എ.സി മൊയ്ദീനെതിരെ പ്രതിഷേധം കടുപ്പിക്കാന്‍ തൃശൂർ ഡി.സി.സി ; മന്ത്രിയുടെ പൊതുപരിപാടികള്‍ ബഹിഷ്കരിക്കും | Video

Jaihind News Bureau
Tuesday, September 29, 2020

 

തൃശൂർ : മന്ത്രി എ.സി മൊയ്ദീനെതിരെ തൃശൂർ ഡി.സി.സി പ്രതിഷേധം കടുപ്പിക്കുന്നു. മന്ത്രിയുടെ പൊതുപരിപാടികൾ ബഹിഷ്കരിക്കുമെന്ന് ഡി.സി.സി അധ്യക്ഷൻ എം.പി വിൻസെന്‍റ് അറിയിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിന്‍റെ മുന്നൊരുക്കങ്ങൾ പാർട്ടി ഊർജിതമാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.

ലൈഫ് മിഷൻ പദ്ധതി അഴിമതിയുടെ ചെളിക്കുണ്ടായി മാറി. അഴിമതിയിൽ സി.ബി.ഐ അന്വേഷണത്തിന്‍റെ പരിധിയിൽ നിൽക്കുന്ന മന്ത്രി എ.സി മൊയ്ദീൻ രാജി വെക്കാത്തത് അപമാനകരമാണെന്നും ഡി.സി.സി അധ്യക്ഷൻ എം.പി വിൻസെന്‍റ് പറഞ്ഞു.

ഇടതുമുന്നണി ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾ കമ്മീഷൻ ഇടപാടുകളുടെ കേന്ദ്രമായി മാറി. പഞ്ചായത്ത് രാജ് സംവിധാനം അട്ടിമറിച്ച ഇടതുസർക്കാരിനെതിരെ ശക്തമായ പ്രചരണ പരിപാടികൾ നടത്തും. ഇതിന്‍റെ ഭാഗമായി ഒക്ടോബർ 2 ന് ഡി.സി.സി യിൽ ശിൽപ്പശാല സംഘടിപ്പിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്ത്-മുനിസിപ്പാലിറ്റി-കോർപ്പറേഷൻ തലങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള പ്രക്ഷോഭ പരിപാടികൾക്കും രൂപം നൽകി. സമര പരിപാടികൾക്ക് ശേഷം സർക്കാരിന്‍റെ അഴിമതി തുറന്നു കാണിക്കുന്ന ലഘുലേഖ പ്രചരണം നടത്തുമെന്നും ഡി.സി.സി പ്രസിഡന്‍റ് അറിയിച്ചു.

 

https://www.youtube.com/watch?v=2Rw9k55yP0o