തൃശൂരിൽ കോവിഡ് 19 ബാധിച്ച യുവാവിന്‍റെ ആരോഗ്യ നില തൃപ്തികരം; റൂട്ട് മാപ്പ് പുറത്തുവിട്ടു

Jaihind News Bureau
Friday, March 13, 2020

തൃശൂർ: തൃശൂരിൽ കോവിഡ് 19 ബാധിച്ച യുവാവിന്‍റെ ആരോഗ്യ നില തൃപ്തികരം. രോഗി സന്ദർശിച്ച സ്ഥലങ്ങളുടെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടു. ഇയാൾ സമ്പർക്കം പുലർത്തിയ ആളുകളുടെ പൂർണ പട്ടിക തയ്യാറാക്കി വരികയാണെന്നും ജില്ലാ ഭരണകൂടം അറിയിച്ചു . ജില്ലയിൽ ഇന്ന് ലഭിച്ച 33 ഫലങ്ങളും നെഗറ്റീവാണ്.

രോഗി സമ്പർക്കം പുലർത്തിയ 385 പേരെ ഇതിനോടകം കണ്ടെത്തി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇവരില്‍ ഒരു കുട്ടിക്ക് പനി ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ആശുപത്രിയിലെ ഐസൊലേഷൻ വാർഡില്‍ പ്രവേശിപ്പിച്ചു. രോഗിയുമായി ഇടപെട്ട രണ്ട് പഞ്ചായത്ത് അംഗങ്ങള്‍ നിരീക്ഷണത്തിലാണ്. ഒരു ഡോക്ടറോടും വീട്ടിൽ കഴിയാൻ നിർദേശിച്ചിട്ടുണ്ട്. വിശദമായ സമ്പർക്ക പട്ടിക തയ്യാറാക്കാൻ പത്ത് അംഗ സംഘത്തെ ചുമതലപ്പെടുത്തി.

രോഗിയുടെ സഞ്ചാര പാതയെക്കുറിച്ച് റൂട്ട് മാപ്പ് തയ്യാറാക്കിയിട്ടുണ്ട്. റിസോർട്ട്, ഭക്ഷണ ശാലകൾ, ബേക്കറികൾ, സിനിമാ തിയേറ്റർ , ഷോപ്പിംഗ് മാൾ തുടങ്ങിയ ഇടങ്ങൾ ഇയാള്‍ സന്ദർശിച്ചു. വിവാഹനിശ്ചയ ചടങ്ങിൽ പങ്കെടുത്തതായും കണ്ടെത്തിയിട്ടുണ്ട്.

റൂട്ട് മാപ്പ് ഇങ്ങനെ

29ന് ദോഹ എയര്‍പോര്‍ട്ടില്‍ നിന്ന് ക്യു ആര്‍ 514 വിമാനത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തി.

കൊടുങ്ങല്ലൂരിലുള്ള അൽ റീം റസ്റ്റോറന്റിൽ നിന്നും ഭക്ഷണം കഴിച്ചു.

ഒന്നാം തീയതി ചേറ്റുവയിലെ ബന്ധുവീടും തൊയക്കാവിലെ സഹോദരിയുടെ വീടും സന്ദർശിച്ചു.

രണ്ടാം തീയതി എൻഎൻ പുരം ലതാ ബേക്കറി ആൻഡ് ഷവർമാ സെന്റർ സന്ദർശിച്ചു.

മൂന്നാം തീയതി വൈകുന്നേരം മൂന്നിന് കാർണിവൽ സിനിമാ ഹാൾ

അഞ്ചാം തീയതി വെള്ളാങ്ങല്ലൂരുള്ള ചീപ്പുചിറ റിസോർട്ട്

ആറിന് രാവിലെ 10.30 മുതൽ 12.30 വരെ പുഴയ്ക്കലുള്ള ശോഭാ സിറ്റി, വെസ്റ്റ്‌ഫോർട്ടിലുള്ള ലിനൻ ക്ലബ്

വൈകുന്നേരം 5.30 പെരിഞ്ഞനത്തുള്ള സുരേഷ് കുമാറിന്റെ ഹോസ്പിറ്റൽ
മർവാ റെസ്റ്റോറന്റ്

എട്ടിന് ഉച്ചയ്ക്ക് 12.00 മുതൽ 2.30വരെ പാവറട്ടി വെൻമേനാടുള്ള വിവാഹ നിശ്ചയത്തിൽ പങ്കെടുത്തു.

വൈകുന്നേരം 6.30ന് ജില്ലാ ആശുപത്രിയിൽ റിപ്പോർട്ട് ചെയ്തു.