തൃശ്ശൂര്‍ കുഴൽപ്പണക്കവർച്ച ; മുഖ്യ ആസൂത്രകൻ ഉള്‍പ്പടെ രണ്ട് പ്രധാന പ്രതികള്‍ പിടിയിൽ

Jaihind Webdesk
Friday, April 30, 2021

തൃശ്ശൂര്‍ കൊടകര കുഴൽപ്പണക്കവർച്ച കേസിലെ മുഖ്യ ആസൂത്രകൻ ഉള്‍പ്പടെ രണ്ട് പ്രധാന പ്രതികള്‍ പോലീസിന്‍റെ പിടിയിലായി.  കുഴല്‍പ്പണ കവർച്ച ആസൂത്രണം ചെയ്ത മുഖ്യസൂത്രധാരൻ മുഹമ്മദലിയും വിവരം ചോര്‍ത്തി നല്‍കിയ കോഴിക്കോട് സ്വദേശി അബ്ദുൾ റഷീദും ആണ് അറസ്റ്റിലായത്. കണ്ണൂരിൽ നിന്നുമാണ് മുഹമ്മദലിയെ പൊലീസ് പിടികൂടിയത്. കേസിലെ ഒന്നാംപ്രതി ആണ് മുഹമ്മദാലി. ഇയാൾ ആണ് സുജീഷിന് വിവരം നൽകിയതെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരുന്ന വിവരം.

മറ്റുള്ളവരും വലയിലായതായാണ് അന്വേഷണ സംഘം പറയുന്നത്. ഇവർക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇരുവരെയും കൊടകരയിലെത്തിച്ച് പൊലീസ് ചോദ്യം ചെയ്യുകയാണ്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാകുന്നതോടെ കുഴല്‍പ്പണ ഇടപാടുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.

കൊടകരയിൽവെച്ച് വാഹനം തട്ടിയെടുത്ത് 25 ലക്ഷം കവർന്നതായി ധർമരാജന്‍റെ ഡ്രൈവറായ ഷംജീറാണ് പൊലീസിൽ പരാതി നൽകിയത്.