തൃശ്ശൂരില്‍ പുറത്തുവന്ന ശബ്ദരേഖ സിപിഎമ്മില്‍ നടക്കുന്ന ഗുരുതരമായ അഴിമതിയുടെ അറ്റം മാത്രമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. തൃശ്ശൂരില്‍ പാര്‍ട്ടി അഴിമതിക്കാരുടെ കൈകളിലാണെന്നും, ഈ വിഷയത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശബ്ദരേഖയെക്കുറിച്ച് പ്രത്യേക സംഘം അന്വേഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തൃശ്ശൂരില്‍ നടന്ന സംഭവം മറ്റ് ജില്ലകളിലും നടന്നിട്ടുണ്ടാവാം. കരുവന്നൂര്‍ അഴിമതി വിഷയത്തില്‍ നേതാക്കളെ വെള്ളപൂശാന്‍ സിപിഎം ശ്രമിച്ചു. സമാനമായ രീതിയില്‍ അഴിമതിക്കാരെ സംരക്ഷിക്കാനുള്ള വ്യഗ്രതയാണ് സിപിഎം നേതൃത്വം കാണിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
അതേസമയം, കെ.എസ്.യു. പ്രവര്‍ത്തകരെ മുഖംമൂടി ധരിപ്പിച്ച് കോടതിയില്‍ ഹാജരാക്കിയ പോലീസ് നടപടിയെയും ചെന്നിത്തല രൂക്ഷമായി വിമര്‍ശിച്ചു. കെ.എസ്.യു. പ്രവര്‍ത്തകര്‍ കൊള്ളക്കാരാണോ, എന്തിനാണ് അവരെ മുഖംമൂടി ധരിപ്പിച്ചത്? ‘ഇതെന്താ വെള്ളരിക്കാപട്ടണമോ?’ എന്ന് അദ്ദേഹം ചോദിച്ചു. പൊലീസിന് ഭ്രാന്ത് പിടിച്ചിരിക്കുകയാണോ എന്നും അദ്ദേഹം ചോദിച്ചു. പൊലീസിന്റെ നടപടിയെ കോടതി പോലും വിമര്‍ശിച്ചതായും ചെന്നിത്തല ചൂണ്ടിക്കാട്ടി.