തൃക്കാക്കര ‘കരം’ പിടിച്ചു, യുഡിഎഫിന് വമ്പന്‍ ജയം : മുഖ്യമന്ത്രിയും മന്ത്രിമാരും തമ്പടിച്ചിട്ടും എല്‍ഡിഎഫ് തകർന്നടിഞ്ഞു

Jaihind Webdesk
Friday, June 3, 2022


കൊച്ചി :തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ആറാം റൗണ്ട് കഴിഞ്ഞപ്പോള്‍ പി.ടി. തോമസ് നേടിയ ഭൂരിപക്ഷം മറികടന്ന് ഉമാ തോമസ്. നിലവില്‍ 15,000-ല്‍ അധികം വോട്ടുകളുടെ ലീഡാണ് ഉമ നേടിയിരിക്കുന്നത്. ആദ്യ റൗണ്ട് മുതല്‍ത്തന്നെ പി.ടി തോമസ് കഴിഞ്ഞ തവണ നേടിയതിനേക്കാള്‍ ലീഡ് ഉമാ തോമസിന് ലഭിച്ചിരുന്നു. എല്‍ഡിഎഫ് പ്രതീക്ഷകള്‍ തകർത്തുകൊണ്ടുള്ള ഈ മുന്നേറ്റം ഏഴാം റൗണ്ടിലും തുടരുകയാണ്.ഒരു ഘട്ടത്തില്‍ പോലും വെല്ലുവിളി ഉയര്‍ത്താൻ പോയിട്ട്  ഒപ്പമെത്താന്‍ പോലും എല്‍ഡിഎഫിന് കഴിയുന്നില്ല.   മുഖ്യമന്ത്രിയും മന്ത്രിമാരും സംസ്ഥാന ഭരണസംവിധാനവും എല്ലാമായി കാടിളക്കി പ്രചരണം നടത്തിയിട്ടും തൃക്കാക്കര പി.ടിയുടെ ഉമയ്ക്കൊപ്പം.

വോട്ടെണ്ണൽ തുടങ്ങിയതിനു ശേഷം ഒരു ഘട്ടത്തിൽ പോലും യുഡിഎഫ് സ്ഥാനാർഥി ഉമ തോമസിന് പിന്തിരിഞ്ഞു നോക്കേണ്ടി വന്നില്ല. കണക്കുകൾ പറയുന്നത്, പി.ടി നേടിയതിനേക്കാൾ വലിയ മുന്നേറ്റമാണ് ഉമ തുടക്കം മുതൽ പുലർത്തിയത് എന്നാണ്. 2021 ൽ ആദ്യ റൗണ്ട് വോട്ടെണ്ണിക്കഴിഞ്ഞപ്പോൾ പി.ടി. തോമസിന്റെ ലീഡ് നില 1258 ആയിരുന്നെങ്കിൽ ഇത്തവണ അത് 2249 ആയി. രണ്ടാം റൗണ്ടിൽ പി.ടിക്ക് 1180 വോട്ട് ആയിരുന്നെങ്കിൽ ഉമ നേടിയത് 1867 വോട്ടുകൾ‌. കഴി‍ഞ്ഞ വർഷം മൂന്നാം റൗണ്ടിൽ ലീഡ് 597 ആയിരുന്നെങ്കിൽ ഇത്തവണ അത് 2371 ആയിരുന്നു എന്നതു തന്നെ യുഡിഎഫ് നേടിയ മേൽക്കൈ വ്യക്തമാക്കുന്നതാണ്. ഈ ലീഡ് നില ഒടുക്കം വരെ നിലനിർത്താൻ ഉമ തോമസിനായി.

പലപ്പോഴും പി‌.ടിയുടെ ഓർമകളിൽ ഉമ വിതുമ്പിയപ്പോൾ അതിനെ അപഹസിച്ചു കൊണ്ടുള്ള സൈബർ പ്രചാരണമടക്കം തൃക്കാക്കരയിലെ വോട്ടർമാർ അത്ര ലഘുവായല്ല കണ്ടത് എന്നതും തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടു തവണയും പി.ടിയെ വിജയിപ്പിച്ച മണ്ഡലം ഇത്തവണ അദ്ദേഹത്തിന്റെ പ്രിയഭാര്യയെ കൈവിട്ടില്ല എന്നു മാത്രമല്ല, കൂടുതൽ ഭൂരിപക്ഷവും നൽകി.

അതിനിടെ, തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് ഫലം അവിശ്വസനീയമെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്‍ പ്രതികരിച്ചു. ഇങ്ങനെ ഫലം പ്രതീക്ഷിച്ചില്ല. ഇത്രയും ഭൂരിപക്ഷം വരുമെന്ന് കരുതിയില്ലെന്നും സി.എന്‍. മോഹനന്‍ പറഞ്ഞു. ഉമയുടെ മുന്നേറ്റം ഭരണത്തിനെതിരായി വിലയിരുത്തലെന്ന് ലീഗ് പറഞ്ഞു. എൽഡിഎഫിന്റെ വിഭാഗീയത രാഷ്ട്രീയത്തിന് എതിരായ വിലയിരുത്തലെന്ന് സാദിഖലി ശിഹാബ് തങ്ങൾ വിലയിരുത്തി.