‘ഞങ്ങൾ പറഞ്ഞത് രാഷ്ട്രീയം ആണ്, എന്നാൽ അവർക്ക് പറയാൻ രാഷ്ട്രീയം ഇല്ലായിരുന്നു’;കെ സുധാകരന്‍ എംപി

Jaihind Webdesk
Friday, June 3, 2022

 

തൃക്കാക്കരയില്‍ നടന്നത് ഭരണത്തിന്‍റെ വിലയിരുത്തല്‍ തന്നെയെന്ന് കെ സുധാകരന്‍ എംപി. വ്യാജപ്രചാരണങ്ങളും നുണക്കഥക്കോട്ടകളും കൊണ്ട് ജയിക്കാമെന്നുള്ള പിണറായി വിജയന്‍റെ വ്യാമോഹം പൊലിഞ്ഞു. സര്‍ക്കാരിന്‍റെ ജനദ്രോഹത്തിനെതിരെ ജനം വോട്ട് കൊണ്ട് പ്രതികരിച്ചു. ഉമാ തോമസിനെ വിജയിപ്പിച്ച തൃക്കാക്കരയിലെ വോട്ടർമാര്‍ക്ക് കോണ്‍ഗ്രസിന്‍റെ പേരില്‍ നന്ദി അറിയിക്കുന്നതായും കെപിസിസി പ്രസിഡന്‍റ് ഫേസ്ബുക്കില്‍ കുറിച്ചു.

കെപിസിസി പ്രസിഡന്‍റിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് :

വ്യാജ പ്രചാരണങ്ങളും നുണക്കഥകോട്ടകളും കൊണ്ട് ഇത്തവണയും വിജയിക്കാമെന്ന് പിണറായി വിജയൻ വ്യാമോഹിച്ചു. കെ- റയിൽ കുറ്റിയടിക്കൽ അടക്കമുള്ള ഈ സർക്കാരിൻ്റെ സകല കൊള്ളരുതായ്മകൾക്കെതിരെയും തൃക്കാക്കരയിലെ പ്രബുദ്ധ ജനം വോട്ട് കൊണ്ട് പ്രതികരിച്ചിരിക്കുന്നു.
പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ നേർക്കുനേർ പോരാട്ടമാണ് നടന്നത്. മുഖ്യമന്ത്രിയും മന്ത്രിപ്പടയും തമ്പടിച്ചിട്ടും ജനം ഐക്യജനാധിപത്യ മുന്നണിക്കൊപ്പം നിന്നു. കോൺഗ്രസ്സിൽ മുതിർന്ന നേതാക്കൾ മുതൽ താഴേതട്ടിലെ അണികൾ വരെ ഒന്നിച്ചൊന്നായി നിന്ന് പൊരുതി.
ഭരണപക്ഷം പറഞ്ഞത് ഞങ്ങൾ ആവർത്തിക്കുന്നു. തൃക്കാക്കരയിൽ നടന്നത് ഭരണത്തിൻ്റെ വിലയിരുത്തൽ തന്നെയാണ്. ഭരണം മോശമെന്ന് പിണറായി വിജയന് ബോധ്യപ്പെടുത്തിക്കൊടുത്തുകൊണ്ട് ശ്രീമതി ഉമ തോമസിനെ വമ്പിച്ച ഭൂരിപക്ഷത്തിൽ തെരഞ്ഞെടുത്ത തൃക്കാക്കരയിലെ വോട്ടർമാർക്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ ഹൃദയം നിറഞ്ഞ നന്ദി.