‘ഇത് ഞങ്ങടെ ഉമ, വോട്ട് ചെയ്ത് വിജയിപ്പിക്കണം’: തൃക്കാക്കര പ്രചരണത്തിന് ഉമാ തോമസിന്‍റെ സഹപാഠികളും

Jaihind Webdesk
Monday, May 23, 2022

സുഹൃത്തെന്ന വാക്കിന്‍റെ ആഴവും പരപ്പും തിരിച്ചറിഞ്ഞു ഉമ തോമസ്. ഹൃദ്യമായ സ്നേഹത്തിന്‍റെ മറ്റൊരു കൂടിച്ചേരലിനു സാക്ഷിയായി തൃക്കാക്കര മണ്ഡലം. യുഡിഎഫ് സ്ഥാനാർഥിയുടെ പ്രചാരണത്തിന് കൂടെ പഠിച്ച സുഹൃത്തുകൾ ഒത്തുചേർന്നത് കൗതുകമായി. ഇത് ഞങ്ങടെ ഉമ, നിങ്ങൾ വോട്ട് ചെയ്ത് വിജയിപ്പിക്കണം. ബീന, ആരിഫ, സൂസൺ, ജാക്ലിൻ, മിനിമോളും,ഗേർട്ടിയുമെല്ലാം പാലാരിവട്ടത്തെ കടകൾ കയറി പറഞ്ഞു. മഹാരാജാസ് കോളേജിലെ കൂട്ടുകാരുടെ നേതൃത്വത്തിലായിരുന്നു ഇന്ന് യു ഡി എഫ് സ്ഥാനാർത്ഥി ഉമാ തോമസിന്‍റെ വോട്ടുപിടുത്തം. ഓരോ കടക്കാരും ഉമ തോമസിന് ഏറെ പരിചിതർ. എങ്കിലും സ്ഥാനാർത്ഥി പരിവേഷത്തിൽ പെൺകുട്ടവുമായി ഉമ തോമസ് കടകൾക്ക് മുന്നിലെത്തിയപ്പോൾ കച്ചവടക്കാർക്കും അത് വ്യത്യസ്ഥ കാഴ്ചയായി.

കയ്യിൽ പ്ലക്കാർഡുകളുമായി സ്ഥാനാർത്ഥിക്കും കൂട്ടുകാർക്കും പിന്തുണയർപ്പിച്ച് യുസി കോളേജിലെ പുതിയ തലമുറയിലെ കെ എസ് യു പ്രിയദർശിനി പ്രവർത്തകരും ഉണ്ടായിരുന്നു. പാലാരിവട്ടത്തെ മുഴുവൻ കടകളിലും സന്ദർശനം നടത്തിയ വനിതാ പ്രവർത്തകർ അല്പനേരം പലാരിവട്ടത്തെ പോലീസ് സ്റ്റേഷൻ നിയന്ത്രണവും കൈക്കലാക്കി. സംഘം ചേർന്ന് പോലീസ് സ്റ്റേഷനിലെത്തിയ പെൺകൂട്ടത്തെ കണ്ട് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നപ്പോലീസുകാരൻ ഒന്നു പതറിയെങ്കിലും കഴുത്തിൽ ഷാളുമിട്ട് കയറി വന്ന ഉമാ തോമസിനെ കണ്ട് മുഖം തെളിഞ്ഞു. പിന്നെ സ്റ്റേഷനിലേക്ക് കയറി മുഴുവൻ പോലീസുകാരോടും വോട്ട് അഭ്യർത്ഥിച്ചു. സ്ഥാനാർത്ഥിക്കൊപ്പം വോട്ടു ചോദിക്കാനിറങ്ങിയ പഴയ കൂട്ടുകാർക്ക് സ്ഥാനാർത്ഥിക്ക് ഒപ്പമുള്ളവരോട് പറയാനുണ്ടായിരുന്നത് പഴയ കോളേജ് ഇലക്ഷൻ പ്രവർത്തനകഥകളായിരുന്നു.

ഉമാ തോമസിന്‍റെ ഇന്നത്തെ പര്യടനം ആരംഭിക്കുന്നത് കടവന്ത്ര ശ്രീധർമ്മശാസ്താ ക്ഷേത്ര സന്ദർശനത്തോട് കൂടിയാണ്. തുടർന്ന് സ്കൈ ലൈൻ ടോപാസ് ഫ്ലാറ്റിലെത്തി ആളുകളെ കണ്ട് വോട്ട് അഭ്യർത്ഥിച്ചു. മട്ടയിൽ ഭഗവതി ക്ഷേത്രവും കടവന്ത്ര ദേവീക്ഷേത്രവും സന്ദർശിച്ച് ക്ഷേത്ര ജീവനക്കാരെയും ഭക്തരെയും കണ്ട് വോട്ട് അഭ്യർത്ഥിച്ചു. ശേഷം മണ്ഡലത്തിലെ കുടുമ്പി കോളനി സന്ദർശിച്ച് ആളുകളെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ചു. ശേഷം സ്ഥാനാർത്ഥി എത്തിയത് പാലാരിവട്ടതായിരുന്നു അവിടെ കടകളെല്ലാം സുഹൃത്തുക്കൾക്കും പാർട്ടി പ്രവർത്തകർക്കും ഒപ്പം കയറി വോട്ട് അഭ്യർത്ഥിച്ചു.

തമ്മനം മണ്ഡലത്തിലെ സ്ഥാനാർത്ഥിയുടെ വാഹന പര്യടനം ആരംഭിക്കുന്നത് കാരണക്കോടത്ത് നിന്നാണ്. ആൻ്റീ ഒന്നു പുറത്തേക്ക് ഇറങ്ങോ ഞാനൊരു കൂട്ടം കാട്ടിത്തരാം. തമ്മനം മണ്ഡലത്തിലെ മെയ് ഫസ്റ്റ് റോഡിലെ പ്രചരണ വാഹന പ്രചരണവുമായി എത്തിയ ഉമാ തോമസിനോട് അഹ്ലി ഫാത്തിമ ഉച്ചത്തിൽ ചോദിച്ചു. നിഷ്കളങ്കമായ ആ ചോദ്യത്തിന് ഉത്തരം നൽകി ഉമാ തോമസ് ഇറങ്ങിയപ്പോൾ ഫാത്തിമ കയ്യിലേക്ക് ഒരു പൂ നീട്ടി നൽകി വാങ്ങാൻ ശ്രമിച്ചതും പൂവ് ഒരു മാലയായി. പിന്നെ അവിടെ നടന്നത് ഫാത്തിമയെന്ന കൊച്ചു മിടുക്കിയുടെ വലിയ മാജിക്കുകൾ. അല്പനേരം എല്ലാം മാറ്റി വച്ച് ഉമയും മാജിക്ക് ആസ്വദിച്ചു. പര്യടനം മുന്നോട്ട് നീങ്ങും മുമ്പ് ഫാത്തിമക്ക് ആശംസകൾ നേർന്നാണ് മടങ്ങിയത്.

ഇന്നത്തെ പര്യടനം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു .ടി.ജെ വിനോദ് എം എൽ., കുറിക്കോളി മൊയ്തീൻ എം. എൽ. എ എന്നിവർ പങ്കെടുത്തു. പി ടി തോമസിൻ്റെ നിലപാടുകൾക്കും മണ്ഡലത്തിലെ വികസനങ്ങൾക്കും തുടർച്ചനൽകൽ ആയിരിക്കും ഉമയുടെ ദൗത്യമെന്നും അതിനായി തൃക്കാക്കരയിലെ ജനത ഉമയെ ചേർത്ത് നിർത്തുമെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. സെൻ്റ് ജൂഡ്സ് കാരണക്കോടം, മെയ് ഫസ്റ്റ് റോഡ്, എ കെ ജി റേഡ്, ഫെലിക്സ് റോഡ്, അഞ്ചുമുറി ജംഗ്ഷൻ, കുത്താപ്പാടി ജംഗ്ഷൻ, ലേബർ കോളനി, അത്തി പറമ്പ് ജംഗ്ഷൻ, തമ്മനം ജംഗ്ഷൻ വഴി പാലാരിവട്ടത്ത് സമാപിച്ചു. ലേബർ കോളനി ജംഗ്ഷനിൽ നിന്ന് പര്യടന വാഹനത്തിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സ്ഥാനാർത്ഥിക്കൊപ്പം ചേർന്നത് പ്രവർത്തകർക്ക് ആവേശമായി.