സമരമുഖത്തെ താരമായി ഉമാ തോമസ്

 

തൃക്കാക്കര: കാക്കനാട് കളക്ട്രേറ്റ് ഇന്ന് സമരമുഖരിതമായിരുന്നു. ഒരേ സമയം നടന്നത് രണ്ട് സംഘടനകളുടെ സമരം. രണ്ട് സമരവേദിയിലും വലിയ ജനപങ്കാളിത്തവും. ഈ സമരവേദിയിലേക്ക് യു ഡി എഫ് സ്ഥാനാർത്ഥി ഉമാ തോമസ് വന്നിറങ്ങിയതോടെ സമരവേദിയുടെ സ്വഭാവം മാറി. ഉമാ തോമസിനെ സ്വീകരിക്കാനും സ്ഥാനാർത്ഥിക്കൊപ്പം ഫോട്ടോ എടുക്കാനുമായി തിരക്ക്.

കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ സമരവേദിയിലേക്ക് ആണ് ഉമാ തോമസ് ആദ്യം എത്തിയത്. സമരകാരണങ്ങൾ തിരക്കി സഘാടകരുടെ കയ്യിൽ നിന്നും നോട്ടീസ് വാങ്ങി വിഷയം മനസിലാക്കി പ്രസംഗം ആരംഭിച്ചു. സമരരത്തിന് തൻ്റെ എല്ലാ പിന്തുണയും രേഖപ്പെടുത്തി. കൂടാതെ സമര ഭടന്മാരെ ഒരു ചുമതലയും ഏല്പിച്ചു. തൃക്കാക്കരയിലുള്ളവരും ഇല്ലാത്തവരും നിങ്ങളുടെ കൂട്ടുകാരെ എല്ലാം വിളിക്കണം. നിങ്ങളുടെ കൂട്ടുകാരുടെയും കൂട്ടുകാരികളുടെയും വോട്ട് കൂടി എനിക്ക് വാങ്ങി തരണം. നിഷ്ക്കളങ്കമായ വോട്ട് ചോദ്യം സമരപ്പന്തലിൽ ചിരി പടർത്തി.

സഹകരണ മേഖലയിൽ ജനാധിപത്യത്തെ തകർക്കുന്നതിനെതിരെ സഹകരണ സംഘം കളക്ട്രേറ്റ് കവാടത്തിന് മുന്നിൽ നടക്കുന്ന സമരമായിരുന്നു മറ്റൊന്ന്. സ്ഥാനാർത്ഥി എത്തിയതോടെ പ്രാസംഗികൻ്റെ താളം തെറ്റി.സ്ഥാനാർത്ഥിയെ കാണാനുള്ള സമരക്കാരുടെ തിരക്കായിരുന്നു കാരണം. ഉടൻ പ്രസംഗം അവസാനിപ്പിച്ച് സ്ഥാനാർത്ഥിക്ക് മൈക്ക് കൈമാറി. സമര വിഷയങ്ങളെക്കുറിച്ച് എനിക്ക് ധാരണ അല്പം കുറവാണെങ്കിലും വിജയിച്ചാൽ സമരത്തെ മുന്നിൽ നിന്ന് നയിക്കാൻ ഞാനും ഉണ്ടാകും എന്ന ഉറപ്പ് നിറഞ്ഞ കൈയടികളോടെയാണ് അവർ സ്വീകരിച്ചത്. പിന്നീട് സമര പോരാളികളുടെ സെൽഫി തിരക്കായിരുന്നു. സ്ഥാനാർത്ഥിക്കൊപ്പം സെൽഫി എടുക്കാൻ നിന്ന ഓരോരുത്തരുടെയും ഊഴം കഴിഞ്ഞ ശേഷമാണ് ഉമാ തോമസ് മടങ്ങിയത്.

Comments (0)
Add Comment