മണ്ഡലത്തിന്‍റെ മനസ് കീഴടക്കി ഉമാ തോമസ്; പ്രചാരണച്ചൂടില്‍ തൃക്കാക്കര

Jaihind Webdesk
Saturday, May 7, 2022

 

കൊച്ചി : ഇരു മുന്നണി സ്ഥാനാർത്ഥികളും പ്രചരണരംഗത്തിറങ്ങിയതോടെ തൃക്കാക്കരയിൽ തെരഞ്ഞെടുപ്പ് പോര് കനക്കുകയാണ്. വാദപ്രതിവാദങ്ങൾ ഉയർത്തി മുന്നണി നേതാക്കളും തെരഞ്ഞെടുപ്പ് രംഗത്ത് സജീവമായിട്ടുണ്ട്. പ്രചരണ രംഗത്ത് ഒരു പടി മുന്നിൽ യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസ് തന്നെ. മണ്ഡലത്തിന്‍റെ മനസ് കീഴടക്കിയാണ് ഉമാ തോമസ് തേരോട്ടം തുടരുന്നത്.

ഇന്ന് രാവിലെ സാഹിത്യകാരി ലീലാവതി ടീച്ചർ, എം.കെ സാനു മാഷ്, നടൻ മമ്മൂട്ടി തുടങ്ങിയവരെ സന്ദർശിച്ചു. ലീലാവതി ടീച്ചർ ഉമാ തോമസിന് കെട്ടിവെക്കാനുള്ള പണം നൽകിയാണ് യാത്രയാക്കിയത്. മഹാരാജാസ് കോളജിലെ പഴയ ഗുരു ശിഷ്യ സംഗമം കൂടിയായി മാറി ഇത്. എന്നാൽ ഇടതുക്യാമ്പിൽ ഇപ്പോഴും സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട അസ്വസ്ഥതകൾ അവസാനിച്ചിട്ടില്ല. ബൂത്തുതല പ്രവർത്തനങ്ങൾ ഇതു വരെ ആരംഭിക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഇടത് മുന്നണി. സിപിഎം ജില്ലാ നേതൃത്വം ഇടപെട്ട് പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കാനുള്ള നെട്ടോട്ടത്തിലാണ്. എങ്കിലും ഇടത് സ്ഥാനാർത്ഥി ജോ ജോസഫ് മണ്ഡത്തിലെ പ്രധാന വ്യക്തികളെ സന്ദർശിച്ച് വോട്ടഭ്യർത്ഥിക്കുകയാണ്.

അതേസമയം തിങ്കളാഴ്ച യുഡിഎഫ് നിയോജക മണ്ഡലം കൺവൻഷൻ തൃക്കാക്കരയിൽ നടക്കും. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കൺവൻഷൻ ഉദ്ഘാടനം ചെയ്യും. എൽഡിഎഫ് കൺവൻഷൻ ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഇതോടെ മണ്ഡലത്തിലെ സ്ഥാനാർത്ഥികളുടെ പ്രചരണം അതിന്‍റെ പരകോടിയിലേക്കെത്തും.